ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ രണ്ടുപേരെ തമിഴ്‌നാട്ടിൽ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ത് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി ശിവയെ തേനിയിൽ നിന്നും സുഗന്തിനെ തിരുനെൽവേലിയിൽ നിന്നുമാണ് പിടികൂടിയത്. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. നാലുപേർ ബലാത്സംഗം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ മൊഴി.
ശിവ, സുഗന്ത്, സാമുവൽ എന്നിവരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ചവരും സഹായം ചെയ്‌ത് കൊടുത്തവരുമാണ്. ഞായറാഴ്‌ച വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്‌തത്.
സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളായ മാതാപിതാക്കൾക്ക് ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നെടുങ്കണ്ടം കോടതിയിലും പ്രായപൂർത്തിയാകാത്ത രണ്ടുപേരെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്‍പാകെയും ഹാജരാക്കി.
Read more: പൂപ്പാറ പീഡനം : രണ്ട് പേർ കൂടി അറസ്റ്റിൽ ; ഇതുവരെ ആറുപേർ പിടിയിൽ