ഇടുക്കി: കുമളിയിൽ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച ശേഷം നടത്തിയ കൂലി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ് - ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം
രണ്ട് പേര്‍ അറസ്റ്റില്‍. മദ്യപിച്ച ശേഷം നടത്തിയ കൂലിത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുമളി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലെ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ മധ്യപ്രദേശ് സ്വദേശിയായ കമൽദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മധ്യപ്രദേശ് സ്വദേശികളായ ബോവിന്തർ റാവുത്തർ, അമർസിങ് റാവുത്തർ എന്നിവരുടെ അറസ്റ്റ് കുമളി പൊലീസ് രേഖപ്പെടുത്തി. മരിച്ചയാള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് സംഭവ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കമൽ ദാസ് അമിതമായി മദ്യപിച്ചിരുന്നു. മദ്യലഹരിയിലായിരുന്നതിനാല്‍ നിലത്ത് വീണ് മരണം സംഭവിച്ചതായിരിക്കുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ വീണ്ടും ചോദ്യം ചെയ്തപ്പോൾ രണ്ട് പേർ കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായിരുന്ന ഇവർ തമ്മിലുണ്ടായ വാക്കേറ്റമാണ് കമൽദാസിനെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.