എറണാകുളം:ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്‍റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പൊലീസിനും ഇടുക്കി ജില്ലാ പോലീസ് മേധാവിക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അർജുന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് കോടതി നടപടി(Police Protection For Arjun's Family Acquitted Vandiperiyar Case ).
ആറു വയസുകാരിയുടേത് കൊലപാതകമാണെങ്കിലും അതു ചെയ്‌തത് അര്‍ജുനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനു ആയില്ലെന്ന് വ്യക്തമാക്കിയായിരുന്നു സെഷൻസ് കോടതി പ്രതിയെ വെറുതെവിട്ടത്. അതേ സമയം ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ,അർജുന്‍റെ ബന്ധുക്കളായ 7 പേരാണ് കോടതിയെ സമീപിച്ചത്. ബന്ധുക്കളിലൊരുടെ മകളുടെ വിവാഹത്തിനു വേണ്ട സാധനങ്ങൾ വീട്ടിൽ നിന്നും എടുത്തു കൊണ്ടു പോകാനടക്കമാണ് പോലീസ് സംരക്ഷണം നൽകിയിരിക്കുന്നത്.
പ്രതിയെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെ വലിയ രീതിയിൽ പ്രതിഷേധമുയർന്നിരുന്നു. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്‌ത് സർക്കാർ ഉടൻ അപ്പീൽ നൽകുമെന്നാണ് സൂചന.
ബലാവകാശ കമ്മീഷന്‍റെ നിര്‍ണായക ഇടപെടല്‍:വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെവിട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദികരണം ചോദിച്ചതായി ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ .
പ്രതിയെ വെറുെതെ വിട്ട കോടതി വിധിക്കെതിരെ എത്രയും പെട്ടന്ന് തന്നെ അപ്പീൽ ഫയൽ ചെയ്യുമെന്ന് ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതായി ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ വ്യക്തമക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, കേസിലെ ഇൻവെസ്റ്റിഗേഷൻ ഓഫീസർ എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കൊച്ചിയാൽ മാധ്യമങ്ങളോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം. ഈ ആഴ്ച തന്നെ അപ്പീൽ ഫയൽ ചെയ്യാനുളള പ്രവർത്തനങ്ങളാണ് ഡി ജി പി ഓഫീസിൽ പൂർത്തിയാക്കുന്നത്. കോടതി ഉന്നയിച്ച കാര്യങ്ങളിൽ കമ്മീഷന് ബോധ്യമാകേണ്ട കാരങ്ങൾ കൂടി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ച് മനസിലാക്കിയിട്ടുണ്ട്. ഈ കാര്യങ്ങൾ വെച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടറുമായി കൂടി സംസാരിച്ചതിന് ശേഷം കമ്മീഷന്‍റെ നിഗമനങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും സർക്കാറിന് റിപ്പോർട്ട് നൽകുക. കോടതി വിമർശനങ്ങളിൽ ചില കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും ചോദിച്ച് മനസിലാക്കിയിട്ടുണ്ട്. സർക്കാറിന് നൽകുന്ന റിപ്പോർട്ടിൽ ഇത് ഉൾപ്പെടുത്തും. പോക്സോ നിയമത്തിന്‍റെ സംസ്ഥാനത്തെ മോണിറ്ററിംഗ് അതോറിറ്റിയെന്ന ഉത്തരവാദിത്വം കമ്മീഷൻ നിർവഹിക്കുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ വ്യക്തമാക്കി.