കേരളം

kerala

ETV Bharat / state

പെട്ടിമുടിയില്‍ ജീവന്‍റെ തുടിപ്പ് തേടി ലില്ലിയും ഡോണയും

രാജമലയില്‍ കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് തുണയായത് കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായ്‌ക്കൾ.

pettimudi disaster  moonnar disaster  rajamala incident  പെട്ടിമുടി പൊലീസ് നായ  പൊലീസ് നായ പെട്ടിമുടി  പൊലീസ് നായ രാജമല  ലില്ലി പൊലീസ് നായ
ലില്ലി

By

Published : Aug 9, 2020, 10:13 PM IST

Updated : Aug 10, 2020, 4:39 PM IST

ഇടുക്കി: മരണം പെയ്തിറങ്ങിയ പെട്ടിമുടിയില്‍ ജീവന്‍റെ ഓരോ അംശവും തേടുകയാണ് ലില്ലിയും ഡോണയും. മണ്ണിനടിയില്‍ എവിടെയെങ്കിലും നിലയ്ക്കാത്ത ശ്വാസമുണ്ടെങ്കില്‍ അവർ കണ്ടെത്തും. രക്ഷാപ്രവർത്തകർക്കൊപ്പം കേരള പൊലീസിലെ പ്രത്യേക പരിശീലനം നേടിയ ലില്ലിയും ഡോണയും തിരച്ചിലിലാണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുള്ള നായയാണ് കേരള പൊലീസിന്‍റെ 'ലില്ലി'. തൃശൂർ പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പെട്ടിമുടിയിലേക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പൊലീസ് സേനയുടെ പുതിയ ബാച്ചിലെ 35 നായ്ക്കളില്‍ ഉൾപ്പെടുന്നവരാണിവർ. ലില്ലി ഉള്‍പ്പെടെ രണ്ട് നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്‌ധ പരിശീലനം നല്‍കുന്നത്. പെട്ടിമുടിയില്‍ മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ലില്ലിയാണ്. മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടെത്താന്‍ വിദഗ്‌ധ പരിശീലനം നേടിയതാണ് ലില്ലിയോടൊപ്പം രാജമലയിലെത്തിയ ഡോണ. അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ വര്‍ക്കിങ് ലാബ്രഡോർ വിഭാഗത്തില്‍ പെട്ട ഡോണയ്ക്ക് കഴിയും.

പെട്ടിമുടിയില്‍ ജീവന്‍റെ തുടിപ്പ് തേടി ലില്ലിയും ഡോണയും

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.ജി.സുരേഷാണ് പരിശീലകന്‍. പി. പ്രഭാതാണ് ലില്ലിയുടെ ഹാൻഡ്‌ലർ. ജോർജ് മാനുവൽ കെ.എസ് ആണ് ഡോണയുടെ ഹാൻഡ്‌ലർ. കാടിനുളളിലെ തെരച്ചിലിനും സ്ഫോടക വസ്‌തുക്കൾ കണ്ടെത്തുന്നതിനും ബാച്ചിലെ മറ്റ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കളവ്, കൊലപാതകം മുതലായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള വിദഗ്‌ധ പരിശീലനവുമുണ്ട്. പഞ്ചാബ് പൊലീസിന്‍റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ഇവയെ വാങ്ങിയത്. കേരള പൊലീസിലെ എട്ട് നായ്ക്കള്‍ക്ക് മയക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം കഴിഞ്ഞ് വിവിധ ജില്ലകളില്‍ നിയോഗിക്കപ്പെട്ട ഇവ ഇതിനകം തന്നെ അഞ്ച് കേസുകള്‍ കണ്ടെത്തി കഴിഞ്ഞു. സംസ്ഥാന പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൂടുതല്‍ നായ്ക്കളെ വാങ്ങി വിദഗ്ദ്ധ പരിശീലനം നല്‍കുമെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ഉയര്‍ന്ന ബ്രീഡില്‍പ്പെട്ട എട്ട് നായ്ക്കുട്ടികളെയാകും ഉടൻ വാങ്ങുക. രക്ഷാപ്രവര്‍ത്തനത്തിൽ പ്രാധാന്യം നല്‍കിക്കൊണ്ടുളള പരിശീലനത്തിനുശേഷം ഇവയെ എട്ടുജില്ലകളില്‍ നിയോഗിക്കും. സംസ്ഥാനത്ത് നിലവില്‍ എല്ലാ ജില്ലകളിലും ഡോഗ് സ്ക്വാഡുകള്‍ ഉണ്ട്. 150 നായ്ക്കളാണ് കേരള പൊലീസിലുളളത്. കൂടാതെ സേനയില്‍ നിന്ന് വിരമിക്കുന്ന നായ്ക്കളുടെ വിശ്രമകേന്ദ്രമായ തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലെ വിശ്രാന്തിയില്‍ 19 നായ്ക്കള്‍ വിശ്രമജീവിതം നയിക്കുന്നുണ്ട്.

Last Updated : Aug 10, 2020, 4:39 PM IST

ABOUT THE AUTHOR

...view details