ഇടുക്കി :കൊവിഡ് ലോക്ക്ഡൗണില്‍ പരിശോധനയ്ക്കിടെ ക്രൂരമര്‍ദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള മറയൂര്‍ സിപിഒ അജേഷ് പോളിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് നാട്. കൃത്യനിര്‍വഹണത്തിനിടെ അപ്രതീക്ഷിത ആക്രമണത്തിനിരയായ അജേഷിനായി നാട്ടുകാരി സീത ഹൃദയസ്പര്‍ശിയായ കവിത രചിച്ചിരിക്കുന്നു.
അജേഷിന് സഹോദരി തുല്യയായ സീത കാന്തല്ലൂര്‍ വെട്ടുകാട്ടില്‍ ബാലസുബ്രമണ്യന്റെ മകളാണ്. യുവ പൊലീസുകാരന്റെ ഓര്‍മകള്‍ കോര്‍ത്തിണക്കിയാണ് കവിത. എല്ലാവരോടും സൗമ്യമായ ഇടപെടല്‍, ഇതാണ് അജേഷ് പോളിനെ ഏവരുടെയും പ്രിയങ്കരനാക്കിയത്. ബിരുദധാരിയായ സീത നിലവില്‍ അമ്മയ്ക്കൊപ്പം റോഡരികില്‍ ശര്‍ക്കര നിര്‍മിച്ച് വില്‍പ്പന നടത്തുകയാണ്.
ഇതുവഴി പോകുമ്പോള്‍ അജേഷ് പോളിന്റെ സ്നേഹത്തോടെയുള്ള വിളിയും ഇടപെടലുകളുമാണ് സീത കവിതയില്‍ വിവരിക്കുന്നത്. പ്രിയ സഹോദരന് സുഖം പ്രാപിച്ച് പതിമടങ്ങ് ഊര്‍ജ്ജസ്വലനായി തിരികെ വരുന്ന പ്രതീക്ഷ പേറുന്നതാണ് രചന. സീത അമ്മയ്ക്കൊപ്പം സ്റ്റേഷനിലെത്തി ഈ കവിത എസ്.ഐ എം.പി എബിയെയും സഹപ്രവര്‍ത്തകരേയും ഏല്‍പ്പിച്ചു.