കേരളം

kerala

ETV Bharat / state

പെട്ടിമുടി ദുരന്തം; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും

കാണാതായവരെ കണ്ടെത്തുംവരെ തിരച്ചില്‍ തുടരാന്‍ മൂന്നാറില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്ത പ്രത്യേക അവലോകന യോഗത്തില്‍ തീരുമാനിച്ചു.

പെട്ടിമുടി ദുരന്തം; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും  latest idukki  pettimudi
പെട്ടിമുടി ദുരന്തം; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും

By

Published : Aug 15, 2020, 9:16 PM IST

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കുളള തിരച്ചില്‍ വരും ദിവസങ്ങളിലും തുടരും. ഇന്ന് നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരെയെല്ലാം കണ്ടെത്തുംവരെ തിരച്ചില്‍ തുടരാന്‍ മൂന്നാറില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്ത പ്രത്യേക അവലോകന യോഗത്തില്‍ തീരുമാനിച്ചു. പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇപ്പോള്‍ നടന്നു വരുന്നത്. പുഴയുടെ ആഴവും പുഴയെ അടുത്തറിയാവുന്നവരെയും ഉള്‍പ്പെടുത്തിയാകും ഇനി മുമ്പോട്ടുള്ള തിരച്ചില്‍. ഇതിനായി ഇടമലക്കുടിയില്‍ നിന്നടക്കമുള്ള ആദിവാസി യുവാക്കളുടെ സഹായം തേടാനുമാണ് തീരുമാനം.

ദുരന്തബാധിതരായ ആളുകള്‍ക്ക് അര്‍ഹമായ ധനസഹായം വേഗത്തില്‍ ലഭ്യമാക്കുവാന്‍ ആവശ്യമായ ഇടപെടല്‍ നടത്താനും യോഗത്തില്‍ ധാരണയായി. നിലവില്‍ പെട്ടിമുടിയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിട്ടുള്ള 64 കുടുംബങ്ങള്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുമെന്നും ഇവരുടെ വീടുകളുടെ അറ്റക്കുറ്റപണികള്‍ അടിയന്തരമായി നടത്താനും നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ പറഞ്ഞു. പെട്ടിമുടിയിൽ ഉരുള്‍പൊട്ടലുണ്ടായതോടെ ഇടമലക്കുടിയും ഒറ്റപ്പെട്ടിരുന്നു. ഇടമലക്കുടിയിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇടമലക്കുടിയിലേക്കുള്ള ഗതാഗതമാര്‍ഗം പുനസ്ഥാപിക്കാന്‍ മൂന്നാര്‍ ഡി.എഫ്.ഒ യെ ജില്ല കലക്ടര്‍ ചുമതലപ്പെടുത്തി. ദുരിതത്തില്‍ നിന്ന് രക്ഷപ്പെട്ട പെട്ടിമുട്ടിയിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കലക്ടര്‍ എച്ച് ദിനേശൻ പറഞ്ഞു.

ദുരിതബാധിതരായവരുടെ ബന്ധുക്കള്‍ ഏറെയും ആവശ്യപ്പെട്ടത് ഉറ്റവരെ ഏത്രയും വേഗം കണ്ടെത്തണമെന്നാണ്. മുന്നോട്ടുള്ള ദിവസങ്ങളില്‍ പരമാവധി ആളുകളുടെ പങ്കാളിത്തതോടെ തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാനും യോഗത്തില്‍ ധാരണയായി. സബ്‌ കലക്ടര്‍ പ്രേം കൃഷ്ണന്‍,അസിസ്റ്റന്‍റ്‌ കലക്‌ടര്‍ സൂരജ് ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

For All Latest Updates

ABOUT THE AUTHOR

...view details