ഇടുക്കി: പെട്ടിമുടിയില്‍ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഒന്‍പത് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ആറു വയസുകാരനായ അശ്വന്ത് രാജ്, 57കാരനായ അനന്തശെല്‍വം എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ദുരന്തഭൂമിയില്‍ നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു തുടർച്ചയായ പന്ത്രണ്ടാം ദിവസവും തെരച്ചില്‍ നടന്നത്. പുഴയോരത്തും സമീപ പ്രദേശങ്ങളിലും തെരച്ചില്‍ തുടര്‍ന്നു. പ്രതികൂല കാലാവസ്ഥയിലും എല്ലാവരേയും കണ്ടെത്തും വരെ തെരച്ചില്‍ തുടരാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.
പെട്ടിമുടിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ആകെ മരണം 61 ആയി - pettimudi landslide
കാണാതായ ഒന്‍പത് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ആറു മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാറുകള്‍ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തെരച്ചില്‍.
മണ്ണിനടിയിലെ മനുഷ്യ ശരീരം കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയായിരുന്നു ഇന്നത്തെ പരിശോധന. ആറു മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് ഉപയോഗപ്പെടുത്തിയത്. ചെന്നൈയില്‍ നിന്നുള്ള നാലംഗ സംഘത്തെ ഇതിനായി എത്തിച്ചിരുന്നു. നായ്ക്കളുടെ സഹായവും തെരച്ചിലിനായി പ്രയോജനപ്പെടുത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ തുടരുന്നത്. പ്രദേശവാസികളുടെ സഹായവും സംഘത്തിന് ലഭിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് റവന്യൂ സംഘവും പെട്ടിമുടിയിലുണ്ട്.