ഇടുക്കി: സിപിഎം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ പഴയ മൂന്നാർ ഹൈഡൽ പാർക്കിൽ നടത്തിവന്ന അമ്യൂസ്മെന്‍റ് പാർക്കിന്‍റെ നിർമാണത്തിന് റവന്യൂ വകുപ്പ് അനുമതി നിഷേധിച്ച് ഉത്തരവിറക്കി. അമ്യൂസ്മെന്‍റ് പാർക്ക് നിർമിക്കുന്നതിനുള്ള അനുമതി (എൻഒസി) തേടി ബാങ്ക് സെക്രട്ടറി സമർപ്പിച്ച അപേക്ഷയിലാണ് അനുമതി നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഉത്തരവിറക്കിയത്.
മുതിരപ്പുഴയുടെ 50 മീറ്ററിന് ഉള്ളിൽ റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ ഹെഡ് വർക്‌സ് ഡാമിന്‍റെ അതീവ സുരക്ഷ മേഖലയിൽ അനധികൃത നിർമാണം നടത്തുന്നതിനെതിരെ മൂന്നാർ ചൊക്കനാട് സ്വദേശിയും കോൺഗ്രസ് നേതാവുമായ ആർ. രാജാറാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി കലക്‌ടറോട് വിശദീകരണം തേടിയെങ്കിലും എൻഒസി നൽകാനാകില്ലെന്ന് അറിയിച്ചു. തുടർന്ന് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയെ ബാങ്ക് അധികൃതർ സമീപിച്ചെങ്കിലും ഹൈഡൽ പാർക്കിലെ നിർമാണങ്ങൾ അനധികൃതമാണെന്നും എൻഒസി നൽകാനാവില്ലെന്നും ഉത്തരവിട്ടു.
ഈ ഉത്തരവിനെതിരെ ബാങ്ക് വീണ്ടും കോടതിയെ സമീപിച്ചെങ്കിലും കക്ഷികളുടെ ഭാഗം കേട്ട ശേഷം കേസിൽ തീർപ്പുകൽപിക്കാൻ ഹൈക്കോടതി അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഇതേതുടർന്നാണ് അനുമതി നിഷേധിച്ച് കഴിഞ്ഞ ദിവസം അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 12 കോടിയിലധികം രൂപയുടെ കൂറ്റൻ റൈഡുകൾ ഉൾപ്പെടെയുള്ളവ വാങ്ങിയെന്നും കെട്ടിടങ്ങൾ നിർമിക്കാതെ താത്‌കാലിക സംവിധാനമുപയോഗിച്ചാണ് പാർക്ക് നിർമിക്കുന്നതെന്നുമായിരുന്നു ബാങ്കിന്‍റെ വാദം.
എന്നാൽ, കോടികൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിന് ബലവത്തായ അടിത്തറ നിർമാണം ആവശ്യമാണെന്നും നിർമാണങ്ങൾ പുഴയുടെ 50 മീറ്ററിന് ഉള്ളിലാണ് വരുന്നതെന്നും തെളിഞ്ഞതിനാൽ വിവിധ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ എൻഒസി നൽകാനാവില്ലെന്നാണ് എ. ജയതിലക് ഇറക്കിയ ഉത്തരവിലുള്ളത്. മൂന്നാർ സഹകരണ ബാങ്ക് പ്രസിഡന്‍റായ കെ വി ശശി അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ വീണ്ടും സമീപിക്കും.
കൂടാതെ സുപ്രീം കോടതി, ഹൈക്കോടതികളുടെ നിർദേശങ്ങൾ പാലിച്ചല്ല ഉദ്യോഗസ്ഥർ ഉത്തരവിറക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭയ്‌ക്ക് അപ്പീല്‍ നല്‍കും.