ഇടുക്കി: മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം നിർമാണം പൂർത്തിയാക്കിയ മൂന്നാർ-ഉദുമൽപ്പേട്ട അന്തർ സംസ്ഥാനപാതയിലെ പെരിയവരെ പാലം ജനങ്ങൾക്ക് തുറന്നു നൽകി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
മൂന്നു വർഷത്തെ കാത്തിരിപ്പ്; പെരിയവരെ പാലം ജനങ്ങൾക്ക് തുറന്നു നൽകി - മൂന്നാറിലെ പെരിയവരെ പാലം
2018 ഓഗസ്റ്റ് മാസത്തിലാണ് പ്രളയത്തിൽ കന്നിമലയാർ കരകവിഞ്ഞ് ഒഴുകിയാണ് ബ്രിട്ടീഷ് കാലത്ത് പണികഴിപ്പിച്ച പെരിയവരെ പാലം തകർന്നത്

2018 ഓഗസ്റ്റ് മാസത്തിലാണ് പ്രളയത്തിൽ കന്നിമലയാർ കരകവിഞ്ഞ് ഒഴുകിയാണ് ബ്രിട്ടീഷ് കാലത്ത് പണികഴിപ്പിച്ച പാലം തകർന്നത്. തുടർന്ന് സമാന്തരമായി പാലം നിർമിച്ചെങ്കിലും പിന്നീട് മൂന്ന് തവണ പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ പുതിയ പാലം വേണമെന്ന ആവശ്യം ഉയർന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ നാലര കോടി രൂപ മുടക്കി പാലം നിർമിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ച പാലത്തിന്‍റെയും നവീകരിച്ച പൊതുമരാമത്ത് റസ്റ്റ് ഹൗസിന്‍റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി നിർവഹിച്ചു.
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നാട മുറിച്ച് പാലം തുറന്ന് നൽകി. കാലങ്ങളുടെ കാത്തിരിപ്പിനുശേഷം പാലം യാഥാർഥ്യമായാതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാരും. പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ പാലത്തിന്‍റെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. തുടർന്നാണ് പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചത്.