പെരിയാറിലെ നീരൊഴുക്ക് കുറഞ്ഞു ഇടുക്കി :പെരിയാറിലെ ജല നിരപ്പ് താഴ്‌ന്നു. വേനല്‍ക്കാലത്തിന്‍റെ തുടക്കത്തില്‍ തന്നെയാണ് ഇത്തവണ പെരിയാറിലെ ജല നിരപ്പ് ഗണ്യമായി കുറഞ്ഞിരിക്കുന്നത്. വെള്ളത്തിന്‍റെ അളവില്‍ ഇനിയും കുറവുണ്ടായാല്‍ നദിയിലെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
മുല്ലപ്പെരിയാര്‍ താഴ്‌വാരമായ വണ്ടിപ്പെരിയാര്‍ വള്ളക്കടവ് മുതല്‍ അയ്യപ്പന്‍ കോവില്‍ വരെയുള്ള പ്രദേശങ്ങളിലാണ് പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. പെരിയാറിലെ നീരൊഴുക്ക് കുറയുന്ന സാഹചര്യത്തില്‍ ഇവയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകാനാണ് സാധ്യത. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ നിലവില്‍ ചെറുതോടിന് സമാനമായ രീതിയിലാണ് പെരിയാര്‍ മാറിയിരിക്കുന്നത്.
രാത്രിയിലെ കടുത്ത തണുപ്പും, പകല്‍ സമയങ്ങളിലെ ചൂടും കാരണമാണ് ജലസ്രോതസ്സുകളില്‍ വെള്ളം വറ്റാന്‍ കാരണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നിലവില്‍ ചിലയിടങ്ങളിലെ കയങ്ങളില്‍ മാത്രമാണ് പെരിയാറില്‍ വെള്ളമുള്ളത്. പെരിയാറില്‍ ജല നിരപ്പ് കുറഞ്ഞത് സമീപ പ്രദേശങ്ങളിലെ കൃഷികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പുലര്‍ച്ചയും രാത്രിയിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. രാവിലെ 9 മണി കഴിയുമ്പോള്‍ ചൂട് കൂടും. ഉച്ച സമയങ്ങള്‍ക്ക് സമാനമായ രീതിയിലാണ് രാവിലെ ചൂട് അനുഭവപ്പെടുന്നത്
വൈകുന്നേരം 5 മണിവരെ ഇതേ രീതിയില്‍ തന്നെ ചൂട് തുടരും. പിന്നീട്, രാത്രിയാകുന്നതോടെ വീണ്ടും തണുപ്പ് തുടങ്ങും.ചൂട് മൂലം കൃഷികള്‍ വ്യാപകമായി നശിക്കുന്നുമുണ്ട്.
മാര്‍ച്ച് മാസത്തിന്‍റെ തുടക്കത്തില്‍ തന്നെ പലയിടത്തും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഹൈറേഞ്ചിലെ പ്രധാന വിളകളായ ഏലം, കാപ്പി, തേയില തോട്ടങ്ങളിലേക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നത് പെരിയാറില്‍ നിന്നാണ്.
വേനല്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ വൻകിട മുതലാളിമാര്‍ മോട്ടോര്‍ ഉപയോഗിച്ച് കൃഷിക്ക് വെള്ളമെത്തിച്ച് തുടങ്ങും. ഈ അവസ്ഥയുണ്ടായാല്‍ പെരിയാര്‍ പൂര്‍ണമായും വറ്റാനാണ് സാധ്യത.ജില്ലയിലെ പ്രധാന നദികളിലൊന്നായ പെരിയാര്‍ പൂര്‍ണമായി വറ്റിയാല്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാകും പരിസരവാസികള്‍. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഈ മേഖലയില്‍ ജലക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
Also Read: കേരളം ചുട്ടുപൊള്ളുന്നു ജാഗ്രത വേണം; വേനല്‍ കാലത്ത് പൊതുജനങ്ങള്‍ക്കായുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം
കേരളത്തില്‍ ചൂട് കൂടും, കരുതിയിരിക്കാം:സംസ്ഥാനത്ത് വേനല്‍ക്കാലം കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സംസ്ഥാനത്ത് പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. സംസ്ഥാനത്ത് താപനില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കാവശ്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് ശേഷം മൂന്ന് വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് പൊതുജനങ്ങളോട് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ സീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, താപനില ദിനം പ്രതി ഉയരുന്ന സാഹചര്യത്തില്‍ ഫ്രഷ് ജ്യൂസ് സെന്‍ററുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ജില്ല ഭക്ഷ്യസുരക്ഷ കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാകും പരിശോധനകള്‍ സംസ്ഥാന വ്യാപകമായി നടത്തുക.