കുരുമുളക് കര്‍ഷകർ പ്രതിസന്ധിയിൽ ഇടുക്കി : വിളവെടുപ്പ് സീസണില്‍ വില ഇടിഞ്ഞതും ഉത്പാദനം ഗണ്യമായി കുറഞ്ഞതും കുരുമുളക് കര്‍ഷകരെ ആശങ്കയിലാക്കുന്നു. കാലാവസ്ഥാവ്യതിയാനവും രോഗങ്ങളും തുടര്‍ച്ചയായതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിളവ് മൂന്നിലൊന്നായി കുറഞ്ഞു. സീസണില്‍ വില ഉയര്‍ന്നാലും ഇതിന്‍റെ പ്രയോജനം ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ഇടുക്കിയുടെ മലയോര മേഖലയില്‍ ജനുവരി ആദ്യ വാരം മുതൽ തന്നെ കുരുമുളക് വിളവെടുപ്പ് തുടങ്ങി. ഒരു കിലോ ഉണക്ക കുരുമുളകിന് 480 മുതല്‍ 520 രൂപ വരെ വില ലഭിക്കുന്നുണ്ട്. എന്നാല്‍ വിളവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വിലയില്‍ കുറവ് വരാനും സാധ്യതയുണ്ട്.
ഏലം വില കൂപ്പുകുത്തിയതോടെ ഇടവിളയായി കുരുമുളക് കൃഷിയെയാണ് കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ വിളവില്‍ കുറവ് വന്നതോടെ കൃഷിയിൽ നഷ്‌ടം നേരിടുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. രണ്ട് വര്‍ഷത്തോളമായി 350 ൽ താഴെയായിരുന്ന കുരുമുളക് വില അടുത്ത കാലത്താണ് ഉയര്‍ന്ന് 500 രൂപയോളം എത്തിയത്. എന്നാൽ വിളവിലും തൂക്കത്തിലും കുറവുണ്ടാകുന്നത് അപ്രതീക്ഷിത തിരിച്ചടിയാകുന്നു.
Read more:കറുത്തപൊന്നിനും വിലയിടിഞ്ഞു; കിലോയ്ക്ക് 720 രൂപയിൽ നിന്ന് 480 രൂപയിലേക്ക്
10 വർഷം മുമ്പ് ഒരു കിലോ കുരുമുളകിന് 730 രൂപയായിരുന്നു വില. ഇതിനുശേഷം വില കുത്തനെ കുറഞ്ഞു. ഇതോടെ കര്‍ഷകര്‍ കുരുമുളക് ഉപേക്ഷിച്ച് ഏലം കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഏലം കൃഷിയും ചതിച്ചതോടെ പിടിച്ചുനിൽക്കാൻ മാർഗമില്ലാത്ത അവസ്ഥയിലാണ് കർഷകർ.