ഇടുക്കി:ഹൈറേഞ്ചിന്‍റെ കാർഷിക മേഖലയുടെ നട്ടെല്ലായ കറുത്ത പൊന്ന് ഒരിടവേളക്ക് ശേഷം വീണ്ടും വ്യാപകമായി കൃഷിയിടങ്ങളിലേക്ക് മടങ്ങിവരുന്നു. ഏലത്തിൻ്റെയും വാനിലയുടെയും കടന്നു കയറ്റത്തെ തുടർന്ന് ഹൈറേഞ്ചിലെ കൃഷിയിടങ്ങളിൽ കുരുമുളക് കൃഷി ഗണ്യമായി കുറഞ്ഞിരുന്നു. മറ്റ് കൃഷിയിലെ ഭാരിച്ച ചെലവാണ് വീണ്ടും ചെറുകിട കർഷകരെ കുരുമുളക് കൃഷിയിൽ സജീവമാകുവാൻ പ്രേരിപ്പിക്കുന്നത്.
ഒരിടവേളക്ക് ശേഷം ഹൈറേഞ്ചിൽ കുരുമുളക് കൃഷി സജീവമാകുന്നു - ഒരിടവേളക്ക് ശേഷം കുരുമുളക് കൃഷി ഹൈറേഞ്ചിൽ സജീവമാകുന്നു
കാലാവസ്ഥാ വ്യതിയാനവും വാനില കൃഷിയുടെ വ്യാപനവും ഏലത്തിന് വില ഉയര്‍ന്നതും കുരുമുളക് കൃഷി ഉപേക്ഷിക്കുന്നതിന് ഇടത്തരം ചെറുകിട കർഷകരെ നിർബന്ധിതരാക്കി
ഇടുക്കി ജില്ലയിൽ ഏറ്റവുമധികം കുരുമുളക് കൃഷി ചെയ്‌തിരുന്നത് ഉടുമ്പൻചോലയിലെ പത്ത് പഞ്ചായത്തുകളിലായിരുന്നു. മലഞ്ചെരുവിലെ തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥ മികച്ച വിളവ് കർഷകന് നേടിക്കൊടുത്തിരുന്നു. എന്നാൽ മുൻ കാലങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും വാനില കൃഷിയുടെ വ്യാപനവും ഏലത്തിന് ലഭിച്ച മികച്ച വിലയും കുരുമുളക് കൃഷി ഉപേക്ഷിക്കാന്‍ ഇടത്തരം ചെറുകിട കർഷകരെ നിർബന്ധിതരാക്കി.
ഉടുമ്പൻചോലയിൽ ഏറ്റവും കൂടുതൽ കുരുമുളക് കൃഷിയുണ്ടായിരുന്ന നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ 1995ൽ 4580 ഹെക്‌ടർ സ്ഥലത്താണ് കൃഷി ഉണ്ടായിരുന്നത്. 2013 ആയപ്പോഴേക്കും 980 ഹെക്‌ടറിലേക്ക് കൃഷി ചുരുങ്ങി. എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തിൽ 980 ഹെക്‌ടറിൽ നിന്നും 1920 ഹെക്‌ടറിലേക്ക് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ കൃഷി വീണ്ടും വർധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കർഷകർ വാനില പൂർണമായും ഉപേക്ഷിച്ചതും ഏലം കൃഷിക്കുണ്ടായ അമിത ചിലവും ഇടത്തരം കർഷകരെ വീണ്ടും കുരുമുളക് കൃഷിയിൽ സജീവമാക്കിയെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു.