ഇടുക്കി: പീരുമേട് താലൂക്കിലെ തേയില തോട്ടം തൊഴിലാളികളുടെ പ്രതിസന്ധിക്ക് രണ്ട് പതിറ്റാണ്ടായിട്ടും പരിഹാരമായില്ല. 2000 ഡിസംബർ 13ന് പീരുമേട് ടീ കമ്പനിയുടെ രണ്ട് ഡിവിഷനുകൾ പൂട്ടിയതോടെയാണ് തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതം തുടങ്ങിയത്. തോട്ടം ഉടമകളും സർക്കാരും തമ്മിൽ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഇതുവരെയും തോട്ടം തുറക്കാൻ കഴിഞ്ഞിട്ടില്ല. പീരുമേട് ടീ കമ്പനി ചീന്തലാർ, ലോൺട്രി എസ്റ്റേറ്റുകൾ ഉടമ ഉപേക്ഷിച്ചുപോയിട്ട് 20 വർഷമായി. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ് ഇന്നും ദുരിതമനുഭവിക്കുന്നത്. തോട്ടം അടച്ചതോടെ 1,330 സ്ഥിരം തൊഴിലാളികളും താൽകാലിക തൊഴിലാളികളും 33 ഓഫീസ് ജീവനക്കാരും പ്രതിസന്ധിയിലായി.
രണ്ടു വർഷത്തെ ബോണസ്, ശമ്പള-പി.എഫ് കുടിശിക, പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, റവന്യൂ-തദ്ദേശ-തൊഴിൽ വകുപ്പുകൾക്കുള്ള നികുതികൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ ബാധ്യത നിലനിൽക്കെയാണ് നിയമപരമായ ഒരു മുന്നറിയിപ്പുമില്ലാതെ ഉടമ തോട്ടം ഉപേക്ഷിച്ചുപോയത്. ഇതോടെ അറ്റകുറ്റപ്പണികൾ നടത്താതെ തൊഴിലാളി ലയങ്ങൾ തകർന്നു. ചികിത്സ കിട്ടാതെ നിരവധി പേർ മരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. പറഞ്ഞാൽ തീരാത്ത നിരവധി പ്രശ്‌നങ്ങളാണ് തൊഴിലാളികൾ നേരിടുന്നത്.