ഇടുക്കി: .കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടമായ പീരുമേട് പിടിക്കാന്‍ യുഡിഎഫും മണ്ഡലം നിലനിര്‍ത്താന്‍ ഇടതുമുന്നണിയും കച്ചമുറുക്കി രംഗത്ത്. വോട്ടുയര്‍ത്താമെന്ന പ്രതീക്ഷയില്‍ എന്‍ഡിഎയും പ്രചാരണം സജീവമാക്കി. ഇടത്, വലത് മുന്നണികളെ മാറി മാറി തുണച്ചിട്ടുള്ള പീരുമേട് 15 വര്‍ഷമായി എല്‍ഡിഎഫ് പക്ഷത്താണ്. എന്നാല്‍ 314 വോട്ടിന് മാത്രം ഇഎസ് ബിജിമോള്‍ കടന്നുകൂടിയതാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഭൂരിപക്ഷം ഉയര്‍ത്തി മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.
314 വോട്ടിന് കൈവിട്ട പീരുമേട് പിടിക്കാന്‍ യുഡിഎഫ്, കോട്ട നിലനിര്‍ത്താന്‍ എല്‍ഡിഎഫ് - Adv. Cyriac Thomas
പീരുമേട് നിയോജക മണ്ഡലം പതിനഞ്ച് വര്‍ഷമായി ഇടതുപക്ഷത്താണ്.
സിപിഐ പ്രതിനിധി വാഴൂര്‍ സോമനാണ് എല്‍ഡിഎഫ് സ്ഥാനാർഥി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി ട്രേഡ് യൂണിയനിലൂടെ വളര്‍ന്ന വാഴൂര്‍ സോമനിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ 314 വോട്ടിന് പരാജയം ഏറ്റുവാങ്ങിയ അഡ്വ. സിറിയക് തോമസിനെ തന്നെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. തോട്ടം മേഖലയിലെ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സിറിയക്കിന്‍റെ പ്രചാരണം.
മുതിര്‍ന്ന ബിജെപി നേതാവ് ശ്രീനഗരി രാജനാണ് എന്‍ഡിഎ സ്ഥാനാർഥി. തോട്ടങ്ങള്‍ അടഞ്ഞുകിടക്കുന്നതും തൊഴിലാളികള്‍ ദുരിതം നേരിടുന്നതും മുന്‍നിര്‍ത്തിയാണ് പ്രചാരണം. ദേശീയ സഖ്യത്തിന്‍റെ ഭാഗമായി ഇത്തവണ പീരുമേട് സീറ്റ് എഐഎഡിഎംകെ ബിജെപിയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. തമിഴ്, ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാണ് എന്‍ഡിഎ ശ്രമം. കഴിഞ്ഞ തവണത്തെ ബിജെപി സ്ഥാനാര്‍ഥി കുമാറിന് 11,833 വോട്ടുകളാണ് നേടാനായത്.