ഇടുക്കി:സാമ്പത്തിക തട്ടിപ്പ് കേസിൽ പീരുമേട് സബ് ജയിലിൽ കഴിഞ്ഞിരുന്ന റിമാന്‍റ് പ്രതി മരിച്ചു. വാഗമൺ കോലാഹലമേട് സ്വദേശി രാജ്‌കുമാറാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.
പീരുമേട് സബ് ജയിലിൽ റിമാന്‍റ് പ്രതി മരിച്ചു - രാജ്‌കുമാർ
ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
നെടുങ്കണ്ടം തൂക്കുപാലത്ത് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ 16ന് രാജ്‌കുമാറിനെ റിമാന്‍റ് ചെയ്ത് സബ്‌ജയിലിൽ എത്തിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് ദിവസം മുമ്പ് പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും രാജ്‌കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിൽ അധികൃതർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു.