പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിദ്യാർഥി അറസ്റ്റില്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി
ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഇടുക്കി: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 വയസ്സുകാരൻ അറസ്റ്റിൽ. ഉപ്പുതറ കുളത്തുംകാലായിൽ സുജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി പീഡിപ്പിച്ചതായാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പിന്നീട് പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം ധരിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. എറണാകുളത്ത് വിദ്യാർഥിയായ സുജിത് അവധിദിവസങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പതിവുണ്ട്. സ്ഥിരമായി പ്രതി ഓടിച്ചിരുന്ന ഓട്ടോയിൽ യാത്ര ചെയ്താണ് ഇരുവരും പരിചയപ്പെട്ടത്. ഉപ്പുതറ സി ഐ ജയപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സുജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.