ഇടുക്കി : മുൻവർഷങ്ങളിൽ മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചിരുന്ന ജില്ലയിലെ പ്രധാന കൃഷികളിൽ ഒന്നായിരുന്നു പാഷൻ ഫ്രൂട്ട്. ആവശ്യക്കാർ ഏറുകയും ന്യായ വില ലഭിക്കുകയും ചെയ്‌തതോടെ കൂടുതൽ കർഷകർ ഈ രംഗത്തേക്ക് തിരിഞ്ഞു. എന്നാൽ കാലാവസ്ഥ വ്യതിയാനവും രോഗ കീടബാധയും കർഷകരെ വലയ്ക്കുകയാണ്.
പാഷൻ ഫ്രൂട്ട് കർഷകർ പ്രതിസന്ധിയില്‍ വളർച്ചയെത്താതെ ചെടികൾ മുരടിച്ചുപോകുന്നതും മൂപ്പ് എത്താതെ കായ്‌കൾ കൊഴിഞ്ഞുവീഴുന്നതും തൊലിപ്പുറത്തെ ഫംഗസ് ബാധയും വിളയിടിവിന് കാരണമായിരിക്കുകയാണ്. തുടർച്ചയായി പെയ്‌ത വേനൽ മഴയിൽ മണ്ണിലെ മൂലകങ്ങൾ ഒലിച്ചുപോയതാണ് മുരടിപ്പിനും രോഗ കീടബാധയ്ക്കും കാരണമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
also read:കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വളങ്ങളുടെ വില വർധനവ്
പ്രധാനമായും ബോറോണിന്‍റെ കുറവാണ് വ്യാപക കൃഷി നാശത്തിന് കാരണം. വിദഗ്‌ധര്‍ നിർദേശിച്ച വളങ്ങളും കിടനാശിനികളും ഉപയോഗിച്ചിട്ടും ഫലപ്രദമാകുന്നില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് വിലയിടിവുമാണ്.
കിലോഗ്രാമിന് 80 മുതൽ 100 രൂപ വരെ ലഭിച്ചിരുന്ന കർഷകർക്ക് നിലവിൽ 50 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്. വായ്‌പയും പാട്ടക്കരാർ തുകയും നൽകാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ.
ഇത്തരത്തില്‍ പലതരം പ്രശ്നങ്ങള്‍ ഒരുമിച്ചുവന്നതോടെ ഫലത്തില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ ധനസഹായം ഉണ്ടാകണമെന്നതാണ് കർഷകരുടെ ആവശ്യം.