കേരളം

kerala

ETV Bharat / state

അതുല്യ പ്രതിഭ തിലകന്‍റെ സ്‌മരണാർഥം നിർമിച്ച പാർക്ക് തുറന്നു - തിലകൻ പാർക്ക്

തിലകന്‍റെ മരണശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് പെരുവന്താനം പഞ്ചായത്ത് ഭരണ സമിതി സ്‌മാരകം പണിയാന്‍ തീരുമാനിച്ചത്. മകന്‍ ഷമ്മി തിലകന്‍റെ ഉള്‍പ്പെടെ പിന്തുണയും ലഭിച്ചിരുന്നു

പാർക്ക്
പാർക്ക്

By

Published : Sep 13, 2020, 11:30 AM IST

ഇടുക്കി: മഹാനടന്‍ തിലകന്‍റെ സ്‌മരണാർഥം നിർമിച്ച പാർക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു. തിലകന്‍ കുട്ടിക്കാലം ചിലവഴിച്ച പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. 1.15 കോടി രൂപയുടേതാണ് പദ്ധതി. പാര്‍ക്ക്, തടാകം, ഓപ്പണ്‍ തിയേറ്റര്‍, കൊട്ട വഞ്ചി, പെഡല്‍ ബോട്ട്, ചുറ്റുമതില്‍, ഇരിപ്പിടങ്ങള്‍ എന്നിവയാണ് തയ്യാറായിരിക്കുന്നത്.

പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്

പെരുവന്താനം മണിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥനായ കേശവന്‍ റൈറ്ററുടെയും ദേവയാനിയുടെയും മകനായി 1935 ജൂലൈ 15ന് ജനിച്ച തിലകന്‍റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുണ്ടക്കയം സിഎംഎസ് സ്‌കൂളിലായിരുന്നു. സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് തിലകന്‍ കലാജീവിതം തുടങ്ങിയത്. 1955ല്‍ കോളജ് പഠനം ഉപേക്ഷിച്ച അദ്ദേഹം സുഹൃത്തുക്കളുമായി മുണ്ടക്കയം നാടകസമിതിക്ക് രൂപം നൽകി. കെപിഎസി, കാളിദാസ കലാകേന്ദ്ര, ചങ്ങനാശേരി ഗീത, പിജെ ആന്‍റണിയുടെ നാടക സമിതി എന്നിവയില്‍ പ്രവര്‍ത്തിച്ച് 1973ലാണ് സിനിമാരംഗത്തേക്ക് എത്തുന്നത്.

പാർക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു

തിലകന്‍റെ മരണശേഷം അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് പെരുവന്താനം പഞ്ചായത്ത് ഭരണ സമിതി സ്‌മാരകം പണിയാന്‍ തീരുമാനിച്ചത്. മകന്‍ ഷമ്മി തിലകന്‍റെ ഉള്‍പ്പെടെ പിന്തുണയും ലഭിച്ചിരുന്നു. പാര്‍ക്കിന്‍റെ നിര്‍മ്മാണത്തിനായി തിലകന്‍റെ പിതാവ് ജോലി ചെയ്തിരുന്ന ടി.ആര്‍ ആന്‍ഡ് ടി തോട്ടം ഉടമ നാല്‍പ്പത് സെന്‍റ് സ്ഥലം വിട്ടു നല്‍കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രശസ്‌ത തീര്‍ഥാടന കേന്ദ്രം വളളിയങ്കാവ് ഭഗവതി ക്ഷേത്രം, ടൂറിസം കേന്ദ്രമായ പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്കുള്ള റോഡിനോട് ചേര്‍ന്നാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലുപേര്‍ക്ക് ഇതിനോടകം ജോലി നൽകി. ടൂറിസം മുഖേന പ്രദേശത്തിന് സാമ്പത്തിക ഉണര്‍വ് ഉണ്ടാകും വിധമാണ് പാര്‍ക്കിന്‍റെ നിര്‍മാണം.

ABOUT THE AUTHOR

...view details