ഇടുക്കി: നെടുങ്കണ്ടം പബ്ലിക് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കാണാതായ സംഭവത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ കണക്കെടുപ്പ് നടത്തി. അംഗത്വ രജിസ്റ്ററില്‍ നിന്ന് സ്ഥിരം അംഗത്വം എടുത്ത പലരുടേയും പേര് വിവരങ്ങൾ ഇല്ലാതായ സംഭവത്തില്‍ പരിശോധന നടത്താനും ലൈബ്രേറിയനെ പഞ്ചായത്ത് ചുമതലപ്പെടുത്തി. ഇ.ടി.വി ഭാരത് വാർത്തയെ തുടർന്നാണ് നടപടി.
നെടുങ്കണ്ടം പട്ടം മെമ്മോറിയല്‍ ലൈബ്രറിയിലെ രേഖകള്‍ പ്രകാരം 6124 പുസ്തകങ്ങളും 575 അംഗങ്ങളുമാണ് ഉള്ളത്. പരിശോധനയില്‍ 2845 പുസ്തകങ്ങളുടെ കുറവ് കണ്ടെത്തി. നിലവില്‍ 3279 പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉള്ളത്. ആദ്യകാലത്ത് പഞ്ചായത്തിനോട് ചേര്‍ന്ന് മികച്ച സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇടുങ്ങിയ മുറിയിലേക്ക് മാറ്റുകയായിരുന്നു.
ലൈബ്രറിയില്‍ വെളിച്ചം ഇല്ലാത്തതിനാൽ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കാതെ വന്നതോടെ അംഗങ്ങളില്‍ പലരും വരാതെയായി. എന്നാൽ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതിയ ലൈബ്രറേറിയനെ നിയമിക്കുകയും മുന്‍പ് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ പ്രവര്‍ത്തിച്ചിരുന്ന മുറിയിലേക്ക് ലൈബ്രറി മാറ്റിയിരുന്നു.