ഇടുക്കി : ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് പള്ളിവാസൽ എക്‌സ്‌റ്റൻഷൻ പദ്ധതി. 2007-ൽ 268 കോടി രൂപ മുതൽ മുടക്കിൽ ആരംഭിച്ച പദ്ധതി ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിട്ടും പൂർത്തീകരിക്കാനായിട്ടില്ല.
60 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ 2011 മാർച്ചിൽ പൂർത്തീകരിക്കേണ്ട പദ്ധതി പതിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ജീർണാവസ്ഥയിലാണ്. പദ്ധതിക്കായി മുടക്കിയ കോടികളാണ് പാഴാകുന്നത്. പദ്ധതി പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഇനിയും 250 കോടി രൂപയോളം വേണ്ടിവരും.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് 2018ൽ പദ്ധതി പുനരാരംഭിച്ചിരുന്നു. 2021 ഏപ്രിൽ മാസത്തിൽ ടണലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ഇനി പവർ ഹൗസിലെ ജനറേറ്ററിന്‍റെയും ടർബൈന്‍റെയും ജോലികളാണ് തീര്‍ക്കേണ്ടത്.
യന്ത്രങ്ങള്‍ കേടാകുന്നു
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്‌ത 30 മെഗാവാട്ടിന്‍റെ രണ്ട് ജനറേറ്ററുകളിൽ ഒരെണ്ണം ചൈനീസ് എൻജിനിയർമാരുടെ സഹായത്തോടെ 2010-ൽ സ്ഥാപിക്കുകയും ചെയ്‌തു. രണ്ടാമത്തെ ജനറേറ്റർ സ്ഥാപിക്കുന്നതിനും ഇവരുടെ സഹായം വേണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.