ഇടുക്കി:കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദ്യാർഥി കുത്തേറ്റ് മരിച്ചതിനെത്തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പൈനാവ് എഞ്ചിനീയറിങ് കോളജ് തിങ്കളാഴ്‌ച (ഫെബ്രുവരി 14) മുതല്‍ തുറക്കും. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയില്‍ ജില്ല കലക്‌ടര്‍ ഷീബ ജോര്‍ജ്, ജില്ല പൊലീസ് മേധാവി ആര്‍ കറുപ്പസാമി എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
കോളജില്‍ സമാധാന അന്തരീക്ഷം ഒരുക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ ഇടപെടലും സ്വാധീനവും ചെറുതല്ല. അവരുടെ ഉറപ്പാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. കോളജിന്‍റെ പ്രവര്‍ത്തനം നല്ല രീതിയില്‍ പോകുന്നതിനുള്ള സമീപനമാണ് ഓരോരുത്തരും സ്വീകരിക്കേണ്ടത്.
അധ്യാപകര്‍ നേരിട്ട് തന്നെ മാതാപിതാക്കളെയും വിദ്യാര്‍ഥികളെയും വിളിച്ചു ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കണം. അന്വേഷണവും നിയമനടപടികളും അതിന്‍റെ വഴിയേ നടക്കും. കോളജിലുണ്ടായ അനിഷ്‌ട സംഭവത്തെക്കുറിച്ച് ക്യാമ്പസിനകത്ത് ഇനി ചര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വിദ്യാർഥി നേതാക്കളും വകുപ്പു മേധാവികളും പരമാവധി ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.