ഇടുക്കി: പേര് പടയപ്പ... മൂന്നാറിനും മറയൂരിനും പരിചിത മുഖം. റോഡിലിറങ്ങി വാഹനങ്ങൾ തടയുക, രാത്രിയില്‍ തോട്ടം മേഖലകളിലെ ലയങ്ങളിലെത്തി ചെറിയ പ്രശ്‌നങ്ങളുണ്ടാക്കി മടങ്ങുക അങ്ങനെയുള്ള പരിപാടികളായിരുന്നു ഹോബി. വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കാതിരുന്നതിനാല്‍ പടയപ്പയെ കുറിച്ച് നാട്ടുകാർക്ക് ഇതുവരെ വലിയ ആശങ്കകൾ ഇല്ലായിരുന്നു.
എന്നാല്‍ നാട് വിറപ്പിച്ച അരിക്കൊമ്പനെ ഏറെ നാളത്തെ കഷ്‌ടപ്പാടിന് ഒടുവില്‍ കാട് കയറ്റിയപ്പോൾ പടയപ്പ ആ റോൾ ഏറ്റെടുത്തുവെന്നാണ് ഇപ്പോൾ മറയൂരും പരിസരത്തുമുള്ളവർ പറയുന്നത്. കാരണം റേഷൻ കട തകർത്ത് അരി തിന്നുക, വീട് തകർത്ത് അടുക്കളയില്‍ കയറി അരി തിന്നുക എന്നിങ്ങനെ അരിക്കൊമ്പൻ സൃഷ്‌ടിച്ച പ്രശ്‌നങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് പടയപ്പയാണ്.
കഴിഞ്ഞ ദിവസം തലയാറില്‍ റേഷൻ കട, വീട്, പച്ചക്കറിക്കട എന്നിവ പടയപ്പ തകർത്തു. ഒരു മാസമായി കാപ്പിസ്റ്റോര്‍, പാമ്പന്‍മല, ലക്കം ന്യൂ ഡിവിഷന്‍, തലയാര്‍ എന്നിവിടങ്ങളിലുണ്ട് പടയപ്പ. അതുകൊണ്ടുതന്നെ അടച്ചുറപ്പില്ലാത്ത ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികൾ ഭീതിയിലാണ്.
കാട് കയറാതെ നില്‍ക്കുന്ന കാട്ടാന ഏത് നിമിഷവും വീടും കടയും തകർക്കുമെന്ന സ്ഥിതിയില്‍ സ്വസ്ഥമായി ഉറങ്ങാനാകുന്നില്ലെന്ന് ഇവർ പറയുന്നു. അതിരാവിലെ തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നവർക്കാണ് ഏറ്റവും വലിയ പേടി. അരിക്കൊമ്പന്‍റെ പാതയിലാണ് പടയപ്പയെങ്കില്‍ തിരിച്ചിറങ്ങാത്ത വിധം കാടുകയറ്റണമെന്നാണ് ഇവരുടെ ആവശ്യം.
പടയപ്പയുടെ പ്രത്യേകതകൾ: മുൻകാലുകളേക്കാൾ നീളം കുറഞ്ഞ പിൻ കാലുകൾ കാരണം ആനയുടെ നടപ്പിലുണ്ടായ പ്രത്യേകത കാരണം മൂന്നാറിലെ തമിഴ് തോട്ടം തൊഴിലാളികളാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ കഥാപാത്രമായ പടയപ്പ എന്ന പേര് ആനയ്ക്ക് നൽകിയത്. മൂന്നാറിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് പടയപ്പ. മൂന്നാർ–മറയൂർ, തലയാർ, മാട്ടുപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് പടയപ്പയുടെ വിഹാരം. ഭക്ഷണത്തിനായി കാടിറങ്ങി നാട്ടിലെത്തുമെങ്കിലും ഇതുവരെയും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നില്ല എന്നതാണ് പടയപ്പയുടെ പ്രത്യേകത.
also read: അരിക്കൊമ്പന്‍ സ്റ്റൈലില്‍ പടയപ്പ; പെട്ടിക്കടകള്‍ തകര്‍ത്ത് ഭക്ഷണം മോഷ്‌ടിച്ചു