കേരളം

kerala

ETV Bharat / state

അരിക്കൊമ്പന് മയക്കുവെടി പേപ്പറിൽ ഒതുങ്ങി: ഉത്തരവിറങ്ങിയതിന് ശേഷം മാത്രം നശിപ്പിച്ചത് 12 വീടുകൾ, ഭീതിയൊഴിയാതെ ഹൈറേഞ്ച് - വന്യജീവി ആക്രമണം

മയക്കുവെടി വച്ച് പിടികൂടാന്‍ സിസിഎഫിന്‍റെ ഉത്തരവിറങ്ങിയതിന് ശേഷം പന്ത്രണ്ടാമത്തെ വീടാണ് അരിക്കൊമ്പന്‍ തകര്‍ക്കുന്നത്. പേടിയൊഴിയാതെ ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്തെ ജനങ്ങൾ.

അരിക്കൊമ്പന്‍  മയക്കുവെടി  ചിന്നക്കനാൽ  ശാന്തമ്പാറ  arikkomban  wild elephant  idukki issue  ഇടുക്കി  ഹൈറേഞ്ച് ജനത  വന്യജീവി ആക്രമണം  അരിക്കൊമ്പന്‍റെ ആക്രമണം
അരിക്കൊമ്പന്‍റെ ആക്രമണം

By

Published : Mar 15, 2023, 1:43 PM IST

അരിക്കൊമ്പന്‍റെ ആക്രമണത്തെക്കുറിച്ച് പ്രദേശവാസികൾ

ഇടുക്കി:കൂട്ടിലാക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമ്പോളും ഇടുക്കിയില്‍ അരിക്കൊമ്പന്‍ വീടുകള്‍ ഇടിച്ചു നിരത്തി അരി തേടുകയാണ്. മയക്കുവെടിക്ക് ഉത്തരവിറങ്ങിയിട്ടും, നടപടി ഒന്നുമാകാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്തെ ജനങ്ങൾ. മയക്കുവെടി വച്ച് പിടികൂടാന്‍ സിസിഎഫിന്‍റെ ഉത്തരവിറങ്ങിയതിന് ശേഷം പന്ത്രണ്ടാമത്തെ വീടാണ് അരിക്കൊമ്പന്‍ തകര്‍ക്കുന്നത്.

ഇന്നലെ രാത്രി പെരികനാല്‍ മലകയറി സുരക്ഷയ്ക്കായി താഴ്ത്തിയിരുന്ന ഡ്രഞ്ച് മറികടന്നെത്തിയ അരിക്കൊമ്പൻ വീടിന്‍റെ അടുക്കള തകര്‍ത്തു. അമ്പാട്ട് വിജയന്‍റെ വീടിന്‍റെ അടുക്കളയാണ് തകര്‍ത്തത്. ഇവിടെ സൂക്ഷിച്ചിരുന്ന ഇരുപത് കിലോയോളം അരിയും അകത്താക്കി. തോട്ടത്തിന്‍റെ മാനേജര്‍ വിജയനും ഭാര്യ ലക്ഷ്‌മിയും ശബ്ദ്ദം കേട്ട് മുന്‍വശത്തെ വാതിലിലൂടെ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

അരി തിന്ന് തിരിച്ചിറങ്ങിയ കൊമ്പന്‍ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചു. പിന്നീട് സമീപത്ത് തന്നെ തമ്പടിച്ചിരിക്കുന്ന ആറോളം ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്ന് കാട്ടിലേയ്ക്ക് കയറി. കാട്ടാന കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതിനാല്‍ മേഖലയിലെ തോട്ടത്തില്‍ ജോലികളും നിര്‍ത്തി വക്കേണ്ടി വന്നു. ആനശല്യത്താല്‍ തൊഴിലും മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണ് ജനങ്ങൾ.

ദുരിതമൊഴിയാതെ പന്നിയാര്‍ എസ്‌റ്റേറ്റ്: കാട്ടാന ശല്യം രൂക്ഷമായ ഇടുക്കി ശാന്തമ്പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ കാട്ടാന അക്രമണം നേരിടുന്ന പ്രദേശമാണ് പന്നിയാര്‍ എസ്‌റ്റേറ്റ്. പന്നിയാര്‍ എസ്‌റ്റേറ്റിലെ കാട്ടാന തകര്‍ത്ത റേഷന്‍ കടക്ക് സുരക്ഷ ഉറപ്പാക്കി വനം വകുപ്പ് ഫെന്‍സിംഗ് സ്ഥാപിക്കുകയും റേഷന്‍കട പുനര്‍ നിര്‍മ്മിക്കുന്നതിന് നടപടികൾ ഉൾപ്പെടെ ആരംഭിച്ചെങ്കിലും കാട്ടാന അക്രമണം തുടരുന്ന ഇവിടെ ജീവന്‍ ഭയന്നാണ് തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ് കൂടുന്നത്.

തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം മന്ത്രി ഇടപെട്ട് അരിക്കൊമ്പന്‍ തകര്‍ക്കുന്ന റേഷന്‍ കടക്ക് ഫെന്‍സിംഗ് ഇടാന്‍ നിര്‍ദ്ദേശം നല്‍കുകയും ഇത് പൂര്‍ത്തീകരിക്കുകയും ചെയ്‌തിരുന്നു. എങ്കിലും ഫലം വട്ട പൂജ്യമായിരുന്നു. നിലവില്‍ ഐക്യ ട്രേഡ് യൂണിയന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് കാട്ടാന തകര്‍ത്ത റേഷന്‍കട കെട്ടിടം പുനര്‍നിര്‍മ്മിക്കുന്നതിന് എച്ച്എംഎല്‍ കമ്പനി നടപടി സ്വീകരിച്ചിട്ടുണ്ട്.

ഏത് നിമിഷവും കാട്ടാന എത്തുന്ന ഇവിടെ എസ്‌റ്റേറ്റ് ലയങ്ങള്‍ക്ക് സുരക്ഷ ഒരുക്കി ഫെന്‍സിംഗ് സ്ഥാപിച്ച് തോട്ടം തൊഴിലാളികളുടെ ജീവനും സുരക്ഷ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. സമാനമായ രീതിയില്‍ കാട്ടാന തകര്‍ക്കുന്ന ആനയിറങ്കലിലെ റേഷൻ കടയ്ക്ക് വനം വകുപ്പ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത് തോട്ടം തൊഴിലാളികള്‍ തടഞ്ഞിരുന്നു. ഇവിടെയും തൊഴിലാളി ലയങ്ങള്‍ക്ക് ഉള്‍പ്പടെ ഫെന്‍സിംഗ് നിര്‍മ്മിക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.

ABOUT THE AUTHOR

...view details