ഇടുക്കി: കോടതി ഉത്തരവ് പ്രതികൂലമായി നിലനിൽക്കുമ്പോഴും അരിക്കൊമ്പനെ പിടികൂടുവാനുള്ള നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിൽ എത്തി. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി കോന്നി സുരേന്ദ്രൻ, കുഞ്ചു ഉൾപ്പെടെയുള്ള കുങ്കിയാനകളെ ഇടുക്കിയിൽ ഇതിനോടകം എത്തിച്ചു.
അടുത്ത ദിവസം തന്നെ മോക്ഡ്രിൽ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും. മയക്കുവെടി വയ്ക്കുന്നതിനു മാത്രമാണ് കോടതിയുടെ വിലക്കുള്ളതെന്നും മറ്റു നടപടികളുമായി മുമ്പോട്ട് പോകുന്നതിൽ തടസ്സമില്ലെന്നും ഡോക്‌ടർ അരുൺ സക്കറിയ പ്രതികരിച്ചു. എന്നാൽ ഒരു ദിവസം തീരുമാനിച്ച് ആനയെ മയക്കുവെടി വയ്ച്ച് പിടിക്കാൻ കഴിയില്ലെന്നും അനുകൂലമായ സാഹചര്യമുണ്ടായാൽ മാത്രമാകും ദൗത്യം നടത്തുകയും ഡോക്‌ടർ അരുൺ സക്കറിയ വ്യക്തമാക്കി.
മാർച്ച് 29ന് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയോരം. ഹൈക്കോടതി വിധി അനുകൂലമായാൽ ആനയെ മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാം. മാർച്ച് 29 വരെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുവാൻ പാടില്ല എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ്, തൃശ്ശൂരിലെ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കേസി തുടങ്ങിയ മൃഗസംരക്ഷണ മേഖലയിലെ സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. മിഷൻ അരിക്കൊമ്പൻ ദൗത്യത്തിനെതിരായുള്ള ഹൈക്കോടതി ഇടപെടലിൽ ഇടുക്കിയിൽ ജനരോഷം ശക്തമായിരുന്നു. ഏറെക്കാലത്തെ ആവശ്യമാണ് കോടതിയുടെ ഇടപെടൽ മൂലം തടസ്സപ്പെട്ടതെന്നും ദൗർഭാഗ്യകരമായ നടപടിയാണ് കോടതിയുടേത് എന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ പ്രതികരിച്ചിരുന്നു.
തീരാത്ത ആനക്കലി: രണ്ട് പതിറ്റാണ്ടിലധികമായി ചിന്നക്കനാലിൽ കാട്ടാന ആക്രമണം ആരംഭിച്ചിട്ട്. ശാന്തൻപാറ പഞ്ചായത്തിലെ സ്ഥിതിയും സമാനമാണ്. ആനക്കലിയിൽ ഇരുപത് വർഷത്തിൽ പൊലിഞ്ഞത് 43 ജീവനുകളാണ്. 2002ൽ 301 കോളനിക്കായി ചിന്നക്കനാൽ ഭൂമി അനുവദിച്ച കാലം മുതലാണ് ഇവിടത്തെ ജീവൻ മരണ പോരാട്ടം ആരംഭിച്ചത്.