ഇടുക്കി :ഓണ്‍ലൈനിലൂടെ മൊബൈല്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് കാലഹരണപ്പെട്ട പൗഡര്‍ ടിന്നുകള്‍. ഇടുക്കി മുണ്ടിയെരുമ സ്വദേശിയായ അഞ്ജനയാണ് തട്ടിപ്പിന് ഇരയായത്. മേഖലയിലെ നിരവധിയാളുകള്‍ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ഓര്‍ഡര്‍ ചെയ്‌തത് സ്‌മാര്‍ട്ട്ഫോണ്‍, ബോക്‌സിനകത്ത് കാലാവധി തീര്‍ന്ന പൗഡര്‍ ടിന്നുകള്‍ ; തട്ടിപ്പിനിരയായത് ഒട്ടേറെ പേര്‍ - പൊലീസ്
ഓണ്‍ലൈനിലൂടെ മൊബൈല്‍ ഓര്‍ഡര്‍ ചെയ്ത ഇടുക്കി സ്വദേശിക്ക് ലഭിച്ചത് കാലഹരണപ്പെട്ട പൗഡര്‍ ടിന്നുകള്‍, സമാനമായ തട്ടിപ്പിനിരയായത് നിരവധി പേര്‍
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഞ്ജന ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ നിന്നും പതിനേഴായിരം രൂപ വിലവിരുന്ന മൊബൈല്‍ ബുക്ക് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്യാഷ് ഓണ്‍ ഡെലിവറി പ്രകാരം സര്‍വീസ് ചാര്‍ജുകള്‍ അടക്കം 17028 രൂപ നല്‍കി പാഴ്‌സല്‍ കൈപ്പറ്റി. വീട്ടില്‍ എത്തി ബോക്‌സ് തുറന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. കാലാവധി കഴിഞ്ഞ മൂന്ന് പൗഡര്‍ ടിന്നുകളാണ് പായ്ക്കറ്റില്‍ ഉണ്ടായിരുന്നത്.
നെടുങ്കണ്ടം സന്യാസിയോട് സ്വദേശികളായ മൂന്ന് പേരും അഞ്ജനയുടേതിന് സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വിലകൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഇവര്‍ക്ക് ലഭിച്ചത് വില കുറഞ്ഞ പഴയ ഫോണുകളായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡെലിവറി കേന്ദ്രത്തില്‍ നിന്നും ഉത്പന്നം മാറ്റിയതാണെന്ന സൂചന ലഭിച്ചതായാണ് വിവരം. ഡെലിവറി കേന്ദ്രത്തില്‍ എത്തിയ പാഴ്‌സലില്‍ നിന്നും ഫോണ്‍ മാറ്റി പകരം മറ്റ് വസ്‌തുക്കള്‍ വയ്ക്കുകയായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസിലും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.