ഇടുക്കി: തമിഴ്നാട് കുരങ്ങണി വനമേഖലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ നായാട്ടുസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. ശാന്തൻപാറ തോണ്ടിമല സ്വദേശി മാരിയപ്പൻ (58) ആണ് കൊല്ലപ്പെട്ടത്. വെടികൊണ്ട് വീണ കാട്ടുപോത്തിന് സമീപത്തേക്ക് ചെന്ന മാരിയപ്പനെ കാട്ടുപോത്ത് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രാജകുമാരി സ്വദേശികളായ രണ്ട് പേരെ ശാന്തമ്പാറ പൊലീസ് പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറി.
നായാട്ടിനിടെ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേര്‍ അറസ്റ്റില്‍ - wild bison attack
ശാന്തൻപാറ തോണ്ടിമല സ്വദേശി മാരിയപ്പനാണ് കൊല്ലപ്പെട്ടത്
ഞായറാഴ്ച പത്തുമണിയോടെയാണ് രാജകുമാരി നോർത്ത് സ്വദേശികളായ കണ്ണൻകുളങ്ങര സാജു ഗീവർഗീസ്, കാരപ്പിള്ളിയിൽ രാജേഷ് കെ.കെ, മാരിയപ്പൻ എന്നിവർ ചേർന്ന് പുലിക്കുത്തിന് സമീപം കാട്ടുപോത്തിനെ വെടിവെച്ച് വീഴ്ത്തിയത്. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ മാരിയപ്പനെ തമിഴ്നാട് തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുരുമുളക് വിളവെടുക്കുന്നതിനിടയിൽ ഏണിയിൽ നിന്നും വീണ് പരിക്കേറ്റതെന്നാണ് ഇവർ പൊലീസിന് നല്‍കിയിരുന്ന വിവരം. തുടർന്ന് തമിഴ്നാട് പൊലീസ് ശാന്തമ്പാറ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. രാജേഷിനേയും സാജുവിനേയും സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിൽ നിന്നും നായാട്ടിനിടെ പോത്തിന്‍റെ ആക്രമണത്തിലാണ് മാരിയപ്പൻ മരിച്ചതെന്ന് വ്യക്തമായി.
സ്ഥിരമായി വന്യമൃഗങ്ങളെ വേട്ടയാടുന്ന ഇവർ ലൈസൻസില്ലാത്ത നാടൻ തോക്ക് ഉപയോഗിച്ചാണ് പോത്തിനെ വെടിവെച്ചത്. തോക്ക് കാട്ടിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി. കുരങ്ങണി പൊലീസും വനം വകുപ്പും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വനമേഖലയിൽ അതിക്രമിച്ച് കടക്കൽ, വന്യമൃഗങ്ങളെ വേട്ടയാടൽ, അനധികൃതമായി ആയുധം കയ്യിൽ സൂക്ഷിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാരിയപ്പന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.