ഇടുക്കി: അര്‍ജന്‍റീനിയന്‍ ഫുട്‌ബോളിന്‍റെ കടുത്ത ആരധകനാണ് മുതിര്‍ന്ന സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ അര്‍ജന്‍റീന കിരീടം നേടുമെന്ന് തന്നെയാണ് മണിയാശാന്‍റെ വിശ്വാസം. ഇടുക്കി നെടുങ്കണ്ടത്ത് 'വണ്‍ മില്യണ്‍ ഗോള്‍' പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം പന്ത് തട്ടിയാണ് മണിയാശാന്‍ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോളും സമ്മാനിച്ചു. തുടര്‍ന്നായിരുന്നു അദ്ദേഹം ഖത്തര്‍ ലോകകപ്പിനെ കുറിച്ചും അര്‍ജന്‍റീനയെ കുറിച്ചും വാചാലനായത്.