ഇടുക്കി: നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്‌ടിച്ച കേസില്‍ ഒരാള്‍ പിടിയിൽ. പാട്ടേടമ്പ് ആദിവാസി കോളനിയിൽ താമസിക്കുന്ന സന്തോഷാണ് അറസ്റ്റിലായത്. വാളറ പാട്ടേടമ്പ് ആദിവാസി മേഖലയില്‍ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് ഇയാൾ മോഷ്‌ടിച്ചത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്ന മറ്റൊരാളെ വനപാലകര്‍ ചോദ്യം ചെയ്‌തു വരികയാണ്.
ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്‌ടിച്ച കേസില്‍ ഒരാള്‍ പിടിയിൽ - പാട്ടയിടുമ്പ്
ആറ് മാസങ്ങള്‍ക്ക് മുമ്പ് ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷണം പോയ കേസിലാണ് പാട്ടേടമ്പ് സ്വദേശി സന്തോഷ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു ആദിവാസി മേഖലയില്‍ കാട്ടാനയുടെ ശരീര അവശിഷ്‌ടങ്ങള്‍ വനപാലകര്‍ കണ്ടെത്തിയത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷണം പോയതായി ബോധ്യപ്പെട്ടതോടെ ഇത് സംബന്ധിച്ച് വനപാലകര്‍ അന്വേഷണം ആരംഭിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്. ആന ചെരിഞ്ഞതിനോട് ചേര്‍ന്ന സ്ഥലത്ത് സന്തോഷ് സ്ഥിരമായി പുല്ല് മുറിക്കുവാന്‍ പോകാറുണ്ടായിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ പ്രതിയുടെ വീടിനോട് ചേര്‍ന്ന ഭാഗത്ത് നിന്നും ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ വനപാലകര്‍ കണ്ടെടുത്തു.
കേസ് പുറംലോകമറിഞ്ഞപ്പോള്‍ തന്നെ സന്തോഷ് നാട്ടില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നേര്യമംഗലം വനമേഖലയിലുള്ള ഏണിപ്പാറ ഭാഗത്ത് നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. 98 സെന്‍റീമീറ്റര്‍ നീളവും 32 സെന്‍റീമീറ്റര്‍ വീതിയുമുള്ള കൊമ്പുകളാണ് കണ്ടെത്തിയത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.