ഇടുക്കി: ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മിഴിവും താളവുമേകാന്‍ ഇക്കുറി തൃശൂരില്‍ നിന്നുള്ള പുലിക്കളി സംഘമെത്തി. 20 വര്‍ഷമായി പുലികളി രംഗത്തുള്ള പ്രശസ്‌തരായ കോട്ടപ്പുറം തൃശിവ പുലികളി സംഘമാണ് ചെറുതോണി ടൗണില്‍ താളത്തിനൊത്ത് ചുവടുവെച്ചത്. തൃശൂര്‍ രാജേഷിന്റെ നേതൃത്വത്തില്‍ 5 പുലികളും 5 താളക്കാരും അടങ്ങിയ പത്തംഗ സംഘമാണ് തൃശൂരില്‍ നിന്ന് മലകയറിയെത്തിയത്.
ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ ചെറുതോണിയില്‍ 'പുലിയിറങ്ങി'
ഇടുക്കി ചെറുതോണിയില്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി പുലികളി സംഘം
സംഘത്തിലെ രാജേഷ്, രമേശ്, സോമന്‍, ഋഷി, ബാബു എന്നീ പുലികളും സുഭാഷ്, രാജേഷ്, കുട്ടന്‍, വിനോദ്, ശ്രീജിത്ത് എന്നീ മേളക്കാരുമാണ് ഓണം ഘോഷയാത്രയില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന് നീങ്ങിയത്. ചെറുതോണി ടൗണ്‍ഹാളില്‍ രാവിലെ തുടങ്ങിയ പുലിച്ചമയമൊരുക്കല്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ഗറില്ല പൗഡറും വാര്‍ണീഷും ചേര്‍ത്തൊരുക്കിയ വര്‍ണക്കൂട്ടുകള്‍കൊണ്ട് മണിക്കൂറുകളെടുത്താണ് ഇവരുടെ ശരീരത്തില്‍ പുലിഭാവങ്ങള്‍ തീര്‍ത്തത്. സുഭാഷ്, ശ്രീജിത്ത് എന്നീ കലാകാരന്മാരാണ് പുലികളുടെ ശരീരത്തില്‍ വര്‍ണ വിസ്മയം തീര്‍ത്തത്. രണ്ട് വീതം വീക്കന്‍, ഉരുട്ട് ചെണ്ടകളും ഒരു ഇലത്താളവുമാണ് പുലികളുടെ ചുവടുകള്‍ക്കൊത്ത് നഗര ഹൃദയത്തിലെ ആവേശത്തിന് താളം പകര്‍ന്നത്.