പട്ടയം കയ്യിൽ കിട്ടുന്നതുവരെ തുടരുമെന്ന് അമ്മിണിയമ്മ ഇടുക്കി: കൈവശ ഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യമുന്നയിച്ച് തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ വയോധിക നടത്തിവന്ന സമരം ഫലം കണ്ടു. കലയന്താനി സ്വദേശി അമ്മിണിക്ക് പട്ടയം നൽകാൻ അർഹതയുണ്ടെന്ന് തഹസിൽദാർ ജില്ല കലക്‌ടർക്ക് റിപ്പോർട്ട് നൽകി. അതേസമയം പട്ടയം കയ്യിൽ കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് അമ്മിണി.
1975 മുതൽ തൊടുപുഴ കലയന്താനിയിലെ സർക്കാർ തരിശുഭൂമിയിൽ താമസിച്ചുകൊണ്ടിരുന്ന അമ്മിണിയുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുവാൻ നിരവധി തവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ല. കൂടാതെ സമീപ സ്ഥലയുടമ അമ്മിണിയുടെ കൈവശ ഭൂമി കയ്യേറുകയും ചെയ്‌ത സാഹചര്യത്തിൽ ആയിരുന്നു തൊടുപുഴ താലൂക്ക് ഓഫീസിൽ ബുധനാഴ്‌ച മുതൽ അമ്മിണി സമരം ആരംഭിച്ചത്.
വിഷയത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ തഹസിൽദാർ ബിജിമോൾ എഎസ് ജില്ല കലക്‌ടർക്ക് റിപ്പോർട്ട് നൽകി. പട്ടയത്തിന് അർഹതയുള്ള ആളാണെന്നും 40 വർഷത്തിലധികമായി അമ്മിണി ഇവിടെ താമസമുണ്ടെന്നുമാണ് റിപ്പോർട്ട്. പ്രശ്‌നം പരിഹരിക്കാൻ 25 ന് ഹിയറിങ് നടത്തും. അമ്മിണിയുടെ സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്ന എതിർകക്ഷികളുടെ പട്ടയവും പരിശോധിക്കും.
അമ്മിണിയുടെ പട്ടയം നടപടികൾ റവന്യൂ വകുപ്പ് വേഗത്തിൽ ആക്കുമ്പോഴും പട്ടയം കയ്യിൽ കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് ഇവർ. പട്ടയം നൽകുന്നതിന് സർവ്വേ നടപടികൾ അടക്കം പൂർത്തീകരിക്കുന്നതിന് കാലതാമസം എടുക്കും. മാത്രവുമല്ല 1964 ലെ ചട്ടപ്രകാരം പട്ടയം നൽകുന്നത് താൽക്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് നിലനിൽക്കുകയാണ്. ഇതും അമ്മിണിയുടെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാൻ വിലങ്ങു തടിയാണ്.
അമ്മിണിയുടെ കൈവശം 10 സെന്‍റ് ഭൂമിയുണ്ടായിരുന്നു എന്നാല്‍ ഇപ്പോൾ അത് നാല് സെന്‍റിലേക്ക് ചുരുങ്ങി. ബാക്കി സ്ഥലം അയല്‍പക്കത്തുള്ള സർക്കാർ ഉദ്യോഗസ്ഥ കൈയ്യേറിയെന്ന് അമ്മിണി പറയുന്നു. 1995 ൽ വെള്ളിയാമറ്റം പഞ്ചായത്തിൽ നിന്ന് ചെറിയ വീടും ഈ സ്ഥലത്ത് നിർമിച്ച് നൽകിയിട്ടുണ്ട്. വൈദ്യുതി കണക്ഷനും വീട്ടു നമ്പറിൽ റേഷൻകാർഡും അമ്മിണിക്കുണ്ട്. എന്നാൽ വസ്‌തുവിന് പട്ടയം നൽകുവാനുള്ള അപേക്ഷ നിരസിക്കപ്പെടുകയാണെന്നാണ് അമ്മിണിയുടെ പരാതി.
അമ്മിണിയുടെ സ്ഥലം കയ്യേറിയ വസ്‌തുവിന് എതിർകക്ഷിക്ക് പട്ടയം നൽകിയതായും അമ്മിണി ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് നവകേരള സദസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ആകാത്തതിൽ പ്രതിഷേധിച്ചാണ് അമ്മണിയമ്മ സമരം ആരംഭിച്ചിരുന്നത്.
ALSO READ:പട്ടയ നിഷേധം; നവകേരള സദസിലും പരിഹാരമില്ല, 73 കാരിയുടെ ഒറ്റയാൾ സമരം