ഇടുക്കി:ഫേസ്ബുക്കിൽ കമന്‍റിട്ടതിന് തൊടുപുഴ കരിമണ്ണൂരിൽ മധ്യവയസ്കനെ ക്രൂരമായി മർദിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്‍റെ നേതൃത്വത്തിലുള്ളവരാണെന്ന് ആരോപണം. 51കാരനായ ജോസഫ് വെച്ചൂരാണ് മര്‍ദനത്തിന് വിധേയനായത്. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ ജോസഫിന്‍റെ കൈയും കാലും ഒടിഞ്ഞു. സംഭവത്തിൽ സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തതു.
Also Read:ഇത് കണ്ടാല്‍ ഏത് കാട്ടുകൊമ്പനും തിരികെ കാട് കയറും.. 'മുളവെടി' അത്ര നിസാരമല്ല
കേരള കോൺഗ്രസ് എം മണ്ഡലം ഭാരവാഹിയെ തെഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിൽ കമന്റിട്ടെന്നാരോപിച്ചാണ് ജോസഫിനെ മർദിച്ചത്. മുൻകാല സിപിഎം പ്രവർത്തകനാണ് ഹോട്ടൽ ജീവനക്കാരൻ കൂടിയായ ജോസഫ്. ഇന്നലെ രാത്രി (01.03.2022) കടയിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ തല്ലി ചതച്ചത്. കോൺഗ്രസ് പ്രവർത്തകരെന്ന വ്യാജേന ഫോണിൽ വിളിച്ച് ജോസഫ് നിൽക്കുന്ന സ്ഥലം മനസിലാക്കിയശേഷമായിരുന്നു ഇരുപതംഗ സംഘത്തിന്‍റെ ആക്രമണം.
ജോസഫിന്റെ മകൻ ഡിവൈഎഫ്ഐയിൽ നിന്ന് മാറി യൂത്ത് കോൺഗ്രസിൽ ചേർന്നതും പ്രകോപന കാരണമായി. ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ജോസഫ്.