ഇടുക്കി: മോഷണത്തിനിടെ വയോധികയെ ആക്രമിച്ച സംഭവത്തിൽ വയോധികയുടെ മകന്‍റെ സുഹൃത്ത് അറസ്റ്റിൽ. മുക്കുടം അഞ്ചാംമൈൽ വലിയമുറി പ്രസന്നൻ (46 ) ആണ് രാജാക്കാട് പൊലീസിന്‍റെ പിടിയിലായത്. തേക്കിൻകാനം ചകിരിയാംകുന്നേൽ ചിന്നമ്മ തോമസ് (58) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭർത്താവ് മരിച്ച ചിന്നമ്മ കഴിഞ്ഞ നവംബർ മുതൽ തൊടുപുഴ കല്ലൂർകാടുള്ള ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ്. ഇവരുടെ മകൻ വിൻസെന്‍റ് അടിമാലി മന്നാംകാലയിലാണ് താമസം.
ആക്രമണ ദിവസം സംഭവിച്ചത്
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വേണ്ടിയാണ് ചിന്നമ്മ തെരഞ്ഞെടുപ്പിന് തലേ ദിവസമായ അഞ്ചാം തിയതി രാവിലെ തേക്കിൻകാനത്തെ വീട്ടിലെത്തിയത്. തൊട്ടു പിന്നാലെ മകൻ വിൻസെന്‍റ് ഭാര്യ ലീല എന്നിവർക്കൊപ്പം പ്രസന്നനും ഇവിടെയെത്തി. എല്ലാവരും അന്ന് അവിടെ കഴിഞ്ഞു. പിറ്റേന്ന് ചിന്നമ്മ വോട്ട് ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് ഉപ്പാറിലെ ബന്ധു വീട്ടിലേക്ക് പോകാൻ തയാറെടുത്തു. ഈ സമയം വിൻസെന്‍റും കുടുംബവും പ്രസന്നനും അടിമാലി മന്നാംകാലയിലേക്ക് തിരിച്ചു പോയി. തേക്കിൻകാനത്ത് നിന്ന് ഓട്ടോയിലാണ് ഇവർ മൂന്ന് പേരും ആനച്ചാലിൽ എത്തിയത്. ആനച്ചാലിൽ എത്തിയപ്പോൾ ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് പ്രസന്നൻ അവിടെ ഇറങ്ങി. വഴിചിലവിനായി വിൻസെന്‍റിനോട് 200 രൂപയും കടം വാങ്ങി. തുടർന്ന് ആനച്ചാലിൽ നിന്നും ഓട്ടോ വിളിച്ച പ്രസന്നൻ തേക്കിൻകാനത്ത് എത്തി. ചിന്നമ്മയുടെ വീടിനു താഴെ റോഡിൽ ഓട്ടോ നിർത്തിച്ച ശേഷം വേഗം വരാമെന്ന് പറഞ്ഞ് പ്രസന്നൻ പോയി.
ചിന്നമ്മയുടെ വീട്ടിലെത്തിയ പ്രസന്നൻ വിൻസെന്‍റ് ഉൾപ്പെട്ട അടിപിടി കേസ് ഒത്തു തീർപ്പാക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ചിന്നമ്മയെ വീടിനുള്ളിലേക്ക് തള്ളിയിട്ട ശേഷം കൈയ്യും കാലും തുണികൊണ്ട് കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. തുടർന്ന് ചിന്നമ്മയുടെ രണ്ട് പവന്‍റെ മാലയും അര പവന്‍റെ കമ്മലുകളും അഴിച്ചെടുത്തു. ചിന്നമ്മയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും ഒരു മൊബൈൽ ഫോണും എടുത്ത ശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന 10000 രൂപയും 12 ഗ്രാമിന്‍റെ സ്വർണമാലയും എടുത്തു. ശേഷം കൈയിൽ കിട്ടിയ വാക്കത്തിയുടെ പുറം ഭാഗം കൊണ്ട് പ്രസന്നൻ ചിന്നമ്മയുടെ നടുവിൽ അടിച്ചു. അതിനു ശേഷം പ്രസന്നൻ തിരിച്ച് റോഡിലെത്തി വന്ന ഓട്ടോയിൽ തന്നെ മടങ്ങി. ഒരു വിധത്തിൽ കാലിലെ കെട്ടഴിച്ച ചിന്നമ്മ ഇഴഞ്ഞ് സമീപത്തെ വീട്ടിലെത്തി. ഈ വീട്ടിൽ താമസിക്കുന്നവർ പൊലീസിനെ വിവരമറിയിച്ച ശേഷം ചിന്നമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രതി നിരവധി മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രസന്നനെ ഇന്നലെ വൈകുന്നേരം അടിമാലിയിൽ നിന്നാണ് രാജാക്കാട് പൊലീസ് പിടികൂടിയത്. 2200 രൂപയും ഒരു മൊബൈൽ ഫോണും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വെള്ളത്തൂവലിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ എട്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ച പ്രസന്നൻ രണ്ട് മാസം മുൻപാണ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഒരു ഡസനോളം മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.