ഇടുക്കി:ബഫര്‍ സോണ്‍ വിഷയത്തില്‍സമരയാത്ര നയിക്കുന്ന ഡീൻ കുര്യാക്കോസ് എംപിയെ കാണാൻ വഴിയിൽ കാത്തുനിന്ന കർഷകനെ മർദിച്ച് കോൺഗ്രസ് പ്രവർത്തകർ. രാജാക്കാട് തേക്കുംകാനം സ്വദേശി പന്തിറപുരയിൽ കുര്യനെയാണ് (56) മർദിച്ചത്. ശനിയാഴ്‌ച (ജനുവരി 21) വൈകിട്ടാണ് സംഭവം.
ഡീൻ കുര്യാക്കോസ് എംപിയെ കാണാൻ വഴിയിൽ കാത്തുനിന്നു; കർഷകനെ ക്രൂരമായി മര്‍ദിച്ച് കോൺഗ്രസ് പ്രവർത്തകർ - ഡീന്‍ കുര്യാക്കോസ്
ബഫര്‍ സോണിനെതിരായി യാത്ര നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ കാണാന്‍ തേക്കിന്‍കാനത്ത് നിന്ന 56കാരനായ കര്‍ഷകനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്
സമരയാത്ര എത്തുന്നതറിഞ്ഞ്, കൃഷിപ്പണിക്കാരനായ കുര്യൻ പണി കഴിഞ്ഞ് സ്വദേശമായ തേക്കിൻകാനത്ത് എത്തിയിരുന്നു. എംപിയെ നാട്ടിൽ കണ്ടിട്ട് അഞ്ച് വർഷമായല്ലോ എന്ന് പ്രവർത്തകരോട് ചോദിച്ചു. ഇതോടെയാണ് വയോധികനെ പ്രാദേശിക കോൺഗ്രസ് നേതാവും സമരയാത്രയിൽ ഉണ്ടായിരുന്ന പ്രവർത്തകരും മാരകമായി മർദിച്ചത്. കുര്യൻ അവശനായതോടെ ഇവർ സ്ഥലം വിട്ടു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച വയോധികനെ വിദഗ്‌ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മുഖത്തും കഴുത്തിനും വയറിനും ഗുരുതരമായി മർദനമേറ്റ കുര്യൻ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജക്കാട് പൊലീസ് ആശുപത്രിയിൽ എത്തി കുര്യന്‍റെ മൊഴി രേഖപ്പെടുത്തി, കേസ് രജിസ്റ്റർ ചെയ്‌തു. താൻ ഒരു സത്യം മാത്രമാണ് പറഞ്ഞതെന്നും അതിനാണ് തന്നെ സംഘം ചേർന്ന് മർദിച്ചതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു.