ഇടുക്കി : വിളകളുടെ വില താഴേക്ക് കൂപ്പുകുത്തുമ്പോള്‍ സമീപ കാലയളവിലെ ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിന്‍റെ ആശ്വാസത്തിലാണ് ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍. ഏറ്റവും ഗുണമേന്മ കൂടിയ ജാതിപത്രിക്ക് 2200 രൂപയും ജാതിക്കയ്ക്ക് നാനൂറിനടുത്തുമാണ് വില. മറ്റ് വിളകള്‍ കൈവിടുമ്പോള്‍ ജാതി കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് നിലവിൽ പല കര്‍ഷക കുടുംബങ്ങള്‍ക്കും ആശ്വാസമാകുന്നത്.
കർഷകർക്ക് ആശ്വാസമായി ജാതിക്ക ALSO READ കാട്ടാന ആക്രമണം രൂക്ഷം; തിരിഞ്ഞു നോക്കാതെ വനം വകുപ്പ്, പൊറുതിമുട്ടി നാട്ടുകാർ
കുരുമുളകും, ഏലവും ചാഞ്ചാടി നിൽക്കുമ്പോഴാണ് ജാതിക്ക വിപണി വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ദീര്‍ഘവിളയെന്നതിനൊപ്പം വരുമാന സ്ഥിരതയും ലഭിക്കുന്നതാണ് കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. ജാതിയുടെ വില ഒരു പരിധിക്ക് അപ്പുറം താഴേക്ക് പോകില്ലെന്നാണ് കർഷകരുടെ പക്ഷം. വിലയിൽ ഇടിവ് വന്നാലും ഉടൻ തന്നെ ഉയർന്ന വിപണിയിലേക്ക് വിള തിരിച്ചെത്തുമെന്നും കർഷകർ പറയുന്നു.
2018ലെ പ്രളയാനന്തരം പല കര്‍ഷകരുടെയും കൃഷിയിടങ്ങളില്‍ ജാതി മരങ്ങള്‍ ഉണങ്ങി നശിച്ചിരുന്നു. അതുകൊണ്ട് തന്നെ വേനൽ തുടങ്ങിയതോടെ നിലവിൽ ജാതിമരങ്ങള്‍ പരിപാലിക്കുന്ന തിരക്കിലാണ് ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍.