കുപ്രസിദ്ധ കുറ്റവാളി ചക്രപാണി സന്തോഷ് അറസ്റ്റില്‍ ഇടുക്കി: ജില്ലയുടെ അതിര്‍ത്തി മേഖലയിലെ കുപ്രസിദ്ധ കുറ്റവാളിയായ ചക്രപാണി സന്തോഷ് അറസ്റ്റില്‍. സന്തോഷിന്‍റെ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. നാല് വെടിവെയ്‌പ്പ് കേസുകളിലടക്കം പ്രതിയാണ് സന്തോഷ്.
നെടുങ്കണ്ടം കരുണാപുരത്തെ വീട്ടില്‍ നിന്നും, വാറ്റ് ചാരായം നിര്‍മിക്കുന്നതിനിടെയാണ് ചക്രപാണി സന്തോഷ് അറസ്റ്റിലായത്. 20 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും പിടികൂടി. വാറ്റ് ചാരായം നിര്‍മിച്ച്, മേഖലയില്‍ ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍.
ചക്രപാണി സന്തോഷ് 4 പേരെ വെടിവച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ട്. നാല് കേസിലും ശിക്ഷ അനുഭവിച്ചു. തട്ടേക്കാനം സ്വദേശിയായ വിശ്വനെ 2008ൽ വെടിവച്ചിട്ടു. 2010ൽ പാറയ്ക്കൽ ഷിബുവിന്‍റെ തലയ്ക്ക് വെടിയുതിർത്തു. കണ്ണിന് പരുക്കേറ്റ രതീഷ് തലനാരിഴയ്ക്കാണ് അന്ന് രക്ഷപെട്ടത്. 7 വർഷം മുമ്പ് 35കാരനായ പുല്ലുംപുറത്ത് രതീഷിനെ പിറകിൽ നിന്നും വെടിവച്ചിട്ട കേസിൽ സന്തോഷിനെ 5 വർഷം ശിക്ഷിച്ചിരുന്നു.
ശിക്ഷ കഴിഞ്ഞ് 8 മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. 2 വർഷം മുൻപാണ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിന് വെടിയേറ്റത്. കേസ് കോടതിയുടെ പരിഗണനയിലാണ്.