ഇടുക്കി:നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോ യാഥാര്‍ഥ്യമായി ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും ബസുകളും ജീവനക്കാരും ഇപ്പോഴും പെരുവഴിയിൽ തന്നെ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജീവനക്കാരും ഇല്ലാത്തത് മൂലം 70 ശതമാനം സർവീസുകളും നിർത്തലാക്കി. നിലവിൽ കെഎസ്ആർടിസി ഡിപ്പോക്കായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും ഇഴഞ്ഞ് നീങ്ങുകയാണ്.
നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോയിലെ ബസുകളും ജീവനക്കാരും പെരുവഴിയിൽ - നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോ വാർത്ത
ഹൈറേഞ്ചിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഡിപ്പോയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം വെടിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം
![നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോയിലെ ബസുകളും ജീവനക്കാരും പെരുവഴിയിൽ nedumkandam ksrtc bus depot nedumkandam bus depot news idukki news നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോ നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോ വാർത്ത ഇടുക്കി വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10853660-thumbnail-3x2-ksrtc.jpg)
2015ലാണ് നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിംഗ് സെന്‍റര്‍ ഉദ്ഘാടനം ചെയ്‌തത്. സർവീസുകളുടെ എണ്ണം വർധിച്ചതോടെ ഡിപ്പോയായി മാറിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാഞ്ഞത് തിരിച്ചടിയായി. മുമ്പ് അൻപതിനടുത്ത് സർവീസുകളുണ്ടായിരുന്നത് 21 ആയി ചുരുങ്ങി. ഇപ്പോൾ ജീവനക്കാരില്ലാത്തതിനാൽ ആറ് സർവീസുകൾ മാത്രമാണ് നടക്കുന്നത്. വാടക കെട്ടിടത്തിലാണ് ഓപ്പറേറ്റിംഗ് സെന്‍ററും ഗ്യാരേജും പ്രവർത്തിക്കുന്നത്. ബസുകൾ പൂർണ്ണമായും വഴിയരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ജീവനക്കാർക്കുള്ള താമസ സൗകര്യവുമില്ല. പരാതികൾ പതിവായതോടെ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ചെമ്പകക്കുഴിയില്‍ സൗജന്യമായി നൽകിയ സ്ഥലത്ത് ഡിപ്പോ നിർമാണ നടപടികൾ തുടങ്ങിയെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങുകയാണെന്നാണ് ആക്ഷേപം.
മുമ്പ് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും കൊവിഡിനെ തുടർന്നുണ്ടായ യാത്രക്കാരുടെ കുറവും ചൂണ്ടിക്കാട്ടി ഡിപ്പോ അടച്ചുപൂട്ടുവാൻ നീക്കം നടന്നിരുന്നു. ഹൈറേഞ്ചിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഡിപ്പോയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം വെടിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.