ഇടുക്കി:അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ സഞ്ചാരികൾക്ക് അന്യമായി പഞ്ചാരകുത്ത് വെള്ളച്ചാട്ടവും പ്രകൃതി നിര്‍മിത ഗുഹയും. അടിമാലി കൂമ്പൻപാറയിലാണ് പ്രകൃതി മനോഹാരിത നിറഞ്ഞു തുളുമ്പുന്ന പഞ്ചാരകുത്തും ഗുഹയും സ്ഥിതിചെയ്യുന്നത്.
ദൂരെ നിന്ന് നോക്കിയാൽ പഞ്ചസാര താഴേക്ക് പതിക്കുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് പ്രദേശവാസികൾ ഈ വെള്ളച്ചാട്ടത്തിന് പഞ്ചാരകുത്ത് എന്ന പേര് നൽകിയത്. വെള്ളച്ചാട്ടത്തിന് സമീപത്തായാണ് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന പ്രകൃതി നിര്‍മിത ഗുഹയും നിലകൊള്ളുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ല; പഞ്ചാരകുത്തും പ്രകൃതി നിര്‍മിത ഗുഹയും സഞ്ചാരികൾക്ക് അന്യം ALSO READ: കെ.എസ്.ആർ.ടി.സി ശമ്പളപരിഷ്‌കരണം: ചർച്ച പരാജയം; അർധരാത്രി മുതൽ ബസ് പണിമുടക്ക്
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെട്ടിമുടിയുടെ താഴ്ഭാഗത്ത് ദേശീയ പാതയോട് ചേര്‍ന്നാണ് ഭീമന്‍ ഗുഹയുടെ സ്ഥാനം. ഗുഹയുടെ ഉള്‍ഭാഗം ഏറെ വിശാലമാണ്. ഇരിക്കാനും വിശ്രമിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമൊക്കെ കഴിയും. ഗുഹാമുഖത്ത് നിന്നും പുറത്തേക്കുള്ള കാഴ്ചയും ഏറെ ആകര്‍ഷണീയമാണ്. പ്രകൃതി തന്നെ തീര്‍ത്തിട്ടുള്ള ഗുഹയുടെ വിശാലത ഓരോ കാഴ്ചയിലും കൗതുകം ജനിപ്പിക്കും.
പഞ്ചാരകുത്ത് ഗുഹയിലേക്കെത്തുവാന്‍ നിലവില്‍ വഴിയോ ഇതര മാര്‍ഗങ്ങളോ ഇല്ല. ബന്ധപ്പെട്ട വകുപ്പുകള്‍ കൈ കോര്‍ത്താല്‍ ഈ പ്രകൃതി നിര്‍മിത ഗുഹയേയും സമീപ മേഖലയിലെ വിനോദ സഞ്ചാര സാധ്യതയും പ്രയോജനപ്പെടുത്തി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കുവാൻ സാധിക്കും.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കാഴ്ചയും കൗതുകവും സമ്മേളിക്കുന്ന ഇടമെന്ന നിലയില്‍ പ്രകൃതി നിര്‍മിത ഗുഹയും സമീപത്തെ പഞ്ചാരകുത്ത് വെള്ളച്ചാട്ടവും മാനം മുട്ടെ നില്‍ക്കുന്ന പെട്ടിമുടിയും അടിമാലിയുടെ ടൂറിസം മേഖലക്ക് പുതിയ മുഖച്ഛായ തന്നെ പകർന്നു നൽകും.