ഇടുക്കി: ഹൈറേഞ്ചിലെ തോട്ടം മേഖലയിലേക്കും എസ്റ്റേറ്റുകളിലേക്കും തൊഴില്‍ തേടി എത്തുന്നവര്‍ അനവധിയാണ്. വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും കവർന്നെടുക്കുന്നത് ഇത്തരത്തിൽ അന്നത്തിന് വക കണ്ടെത്താൻ എത്തുന്ന തൊഴിലാളികളുടെ ജീവനും. അറ്റകുറ്റ പണികള്‍പോലും നടത്താത്ത വേണ്ട ഫിറ്റ്‌നസ് പോലുമില്ലാത്ത വാഹനങ്ങളാണ് ഹൈറേഞ്ചിലെ അപകടകരമായ വഴികളിലൂടെ അമിത വേഗതയില്‍ പായുന്നത്. കൃത്യം എട്ടുമണിക്ക് തൊഴിലാളികളെ എസ്റ്റേറ്റുകളില്‍ എത്തിക്കുന്നതിന് മരണപാച്ചിൽ നടത്തിയാണ് ഹൈറേഞ്ചിൽ വാഹനങ്ങൾ ഓടുന്നത്. യാതൊരു സുരക്ഷിതത്വവുമില്ലാത്ത യാത്രകളുടെ ഫലമായി എട്ട് തൊഴിലാളികളാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മരിച്ചത്. ഏറ്റവുമൊടുവില്‍ ഇന്ന് മുട്ടുകാട്ടിലില്‍ നടന്ന അപകടത്തില്‍ രണ്ട് സ്‌ത്രീ തൊഴിലാളികളും മരിച്ചു.
വാഹനങ്ങളുടെ മരണപാച്ചിൽ; തടയിടാതെ അധികൃതർ - employee problems in idukki high range
രണ്ട് മാസത്തിനുള്ളില്‍ ഇടുക്കി ഹൈറേഞ്ചില്‍ തൊഴിലാളി വാഹനങ്ങള്‍ അപകടത്തില്‍പെട്ട് പൊലിഞ്ഞത് എട്ട് ജീവനുകൾ
![വാഹനങ്ങളുടെ മരണപാച്ചിൽ; തടയിടാതെ അധികൃതർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5162728-206-5162728-1574595700363.jpg)
കുറച്ച് നാളുകള്‍ക്ക് മുമ്പ് തൊഴിലാളികളുമായി തമിഴ്‌നാട് നായ്ക്കന്നൂരിലേക്ക് തിരിച്ച വാഹനം പുലിക്കുത്തിന് സമീപം അപകടത്തില്‍പെട്ടിരുന്നു. സംഭവത്തിൽ നാല്‌പേര്‍ അപകടസ്ഥലത്തും രണ്ട് പേര്‍ മധുര ആശുപത്രിയിൽ വച്ചും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇരുപത്തിയഞ്ചിലധികം തൊഴിലാളി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. പതിനഞ്ചോളം ആളുകള്‍ മരണപ്പെടുകയും ചെയ്‌തു. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതും ഇവിടയാണ്. അപകട മരണങ്ങൾ നിത്യ സംഭവമായിട്ടും തൊഴിലാളി വാഹനങ്ങളുടെ മരണപ്പാച്ചിലിന് തടയിടുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വാഹനങ്ങളുടെ അമിത വേഗത കവർന്നെടുക്കുന്നത് അനേകം പേരുടെ ജീവനും ജീവിതവുമാണ്.