ഇടുക്കി : ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 10നാണ് ധീരജിനെ കോളജ് തെരഞ്ഞെടുപ്പിനിടയിലുണ്ടായ തര്‍ക്കത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി കുത്തിക്കൊന്നത്.
മറ്റ് ഏഴ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ നിഖില്‍ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം.
ആകെ എട്ട് പ്രതികളാണുള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവുനശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണുള്ളത്.