ഇടുക്കി:ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റിയിലേക്കും തെരഞ്ഞെടുക്കപെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ബ്ലോക്ക് പഞ്ചായത്തിലെ 104 പേരും ഗ്രാമപഞ്ചായത്തുകളിലെ 792 പേരും കട്ടപ്പന, തൊടുപുഴ നഗരസഭകളിലെ 69 ജനപ്രധിനിധികളുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യ വരണാധികാരിയും കലക്‌ടറുമായ എച്ച് ദിനേശൻ മുതിർന്ന അംഗമായ എംജെ ജേക്കബിന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മുതിർന്ന അംഗത്തിന്‍റെ നേതൃത്വത്തിൽ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌തു. പത്ത് അംഗങ്ങൾ ദൃഢപ്രതിജ്ഞയും ആറ് അംഗങ്ങൾ ഈശ്വര നാമത്തിലും പ്രതിജ്ഞ ചെയ്‌തു. തുടർന്ന് എംജെ ജേക്കബിന്‍റെ നേതൃത്വത്തിൽ ആദ്യ യോഗവും ചേർന്നു. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലയുടെ പുരോഗതിക്ക് വിട്ടു വീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ജനപ്രധിനിധികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്‌തു
ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കട്ടപ്പന, തൊടുപുഴ നഗരസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു
ജില്ലയിലെ 52 പഞ്ചായത്തുകളിലും രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു. പതിനൊന്നരക്ക് രണ്ട് നഗരസഭകളിലെയും സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു. കട്ടപ്പന നഗരസഭയിൽ മൂന്നാർ ഡെപ്യൂട്ടി കലക്‌ടർ അലക്‌സ് മാത്യുവിന്‍റെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. 34 കൗൺസിലർമാരിൽ ഏറ്റവും മുതിർന്ന അംഗമായ പിജെ ജോണിന് ഡെപ്യൂട്ടി കലക്‌ടർ അലക്‌സ് മാത്യു ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പി.ജെ ജോൺ മറ്റ് 33 കൺസിലർമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങുകൾക്ക് ശേഷം ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത മുതിർന്ന അംഗത്തിന്‍റെ അധ്യക്ഷതയിൽ കൺസിലർമാരുടെ ആദ്യ യോഗവും നടന്നു.
തൊടുപുഴ നഗരസഭയിൽ 35 കൗൺസിലർമാരിൽ ഏറ്റവും മുതിർന്ന അംഗമായ മാത്യു ജോസഫിന് വരണാധികാരിയായ ഇടുക്കി ആർഡിഒ പിജെ സെബാസ്റ്റ്യൻ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മാത്യു ജോസഫ് മറ്റ് 34 കൺസിലർമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങുകൾക്ക് ശേഷം ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത മുതിർന്ന അംഗത്തിന്‍റെ അധ്യക്ഷതയിൽ കൺസിലർമാരുടെ ആദ്യ യോഗവും നടന്നു. ഈ മാസം 28ന് നഗരസഭകളിലെയും 30 ന് ത്രിതലപഞ്ചായത്തുകളിലെയും സാരഥികളെ തെരഞ്ഞെടുക്കും.