ഇടുക്കി: നെടുങ്കണ്ടത്ത് കേരള ബാങ്കിനായ് കോടികള്‍ ചെലവിട്ട് പുതിയ കെട്ടിടം നിര്‍മ്മിച്ച് ഒരു പതിറ്റാണ്ടായിട്ടും തുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിക്കാതെ അധികൃതർ. സ്വന്തം കെട്ടിടം കാടുകയറി നശിക്കുമ്പോൾ ബാങ്കിന്‍റെ നെടുങ്കണ്ടത്തുള്ള രണ്ട് ശാഖകള്‍ പ്രവർത്തിക്കുന്നത് അര ലക്ഷത്തിലധികം രൂപ പ്രതിമാസ വാടക നല്‍കി. ഉദ്യോഗസ്ഥര്‍ തടസങ്ങള്‍ പറഞ്ഞ് വാടകക്കാരെ സംരക്ഷിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കോടികള്‍ മുടക്കി കെട്ടിടം നിര്‍മിച്ചു; പത്ത് വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ കേരള ബാങ്ക് - idukki news
നെടുങ്കണ്ടത്ത് കേരള ബാങ്കിനായ് സെൻട്രൽ ജംഗ്ഷനിൽ നിര്‍മ്മിച്ച കെട്ടിടമാണ് വര്‍ഷം പത്തായിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ നശിക്കുന്നത്. അതേ സമയം ബാങ്കിന്‍റെ നെടുങ്കണ്ടത്തുള്ള രണ്ട് ശാഖകള്‍ പ്രവർത്തിക്കുന്നത് അര ലക്ഷത്തിലധികം രൂപ പ്രതിമാസ വാടക നല്‍കിയാണ്.
കുമളി- മൂന്നാര്‍ സംസ്ഥാന പാതയോരത്ത് ജില്ല ബാങ്ക് നെടുങ്കണ്ടം ശാഖക്കു വേണ്ടി സെൻട്രൽ ജംഗ്ഷനിൽ നിര്‍മ്മിച്ച കെട്ടിടമാണ് നാള്‍ക്കുനാള്‍ നശിക്കുന്നത്. 2011 ല്‍ 60 ലക്ഷം രൂപ മുടക്കി നെടുങ്കണ്ടത്ത് പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം പോലും നടത്താതെ അഞ്ചു വര്‍ഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു. കെട്ടിടം യാതൊരു പ്ലാനുമില്ലാതെ നിര്‍മ്മിച്ചതാണെന്ന ആക്ഷേപം രൂക്ഷമായപ്പോള്‍ 2016 ല്‍ വീണ്ടും 90 ലക്ഷം മുടക്കി നവീകരണം നടത്തി. എന്നാലിപ്പോൾ ബാങ്ക് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ലെന്നു മാത്രമല്ല കെട്ടിടം ഉപേക്ഷിച്ച മട്ടിലാണ്.
അധികൃതർ തിരിഞ്ഞു നോക്കാതായതോടെ ടൗണിന് നടുവിലെ കെട്ടിടം രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കൈയ്യടക്കി. കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. കോടികള്‍ മുടക്കി പണിത കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.