ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്തിലെ തലയൻകാവ് നിവാസികൾക്ക് ഇനി മഴക്കാലത്തെയും വെള്ളപ്പൊക്കത്തെയും പേടിക്കാതെ പുറം ലോകവുമായി ബന്ധപ്പെടാം. മഴക്കാലമായാൽ ഒറ്റപ്പെട്ടിരുന്ന നിവാസികൾക്കായി തലയൻകാവ് തോടിനു കുറുകെ പുതിയ പാലം നിർമ്മിച്ചതോടെയാണ് വർഷങ്ങളായുള്ള ദുരിതത്തിന് അറുതിയായത്.
പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ജില്ലാ പഞ്ചായത്തിന്‍റെ പ്രദേശിക വികസന ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി എൻ മോഹനൻ ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. 2021 -22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ആറ് മീറ്റർ നീളവും ആറ് മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഒരു മാസം കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.