ഇടുക്കി: കള്ളിപ്പാറ മലമുകളിൽ വർണ്ണവിസ്‌മയം തീർത്തുനിൽക്കുന്ന നിലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശാന്തൻപാറ ഗ്രാമപഞ്ചായത്ത്. കുറിഞ്ഞി പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ ഏറെ വലയ്‌ക്കുന്നത് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുവാൻ സൗകര്യം ഇല്ലായെന്നതാണ്. ഇതിനെ തുടർന്നാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ പഞ്ചായത്ത് നടപടികൾ ആരംഭിച്ചത്.
ഇ- ടോയ്‌ലറ്റുകൾ, ആംബുലൻസ് സേവനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. റോഡിന്‍റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടി തെളിച്ച് വാഹങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ശുചീകരണ പ്രവർത്തങ്ങൾ നടത്തുന്നതിനും സഞ്ചാരികളിൽ നിന്നും 20 രൂപ വീതം ഈടാക്കാനും പഞ്ചായത്ത് തീരുമാനിച്ചു.