ഇടുക്കി: നീലപ്പട്ടണിഞ്ഞ് അതിസുന്ദരിയായി ഓണക്കാലത്തെ വരവേൽക്കുകയാണ് പൂപ്പാറയിലെ പുൽമേടുകൾ. തൊണ്ടിമല ദേശീയപാതയോരത്ത് നിന്നും 500 മീറ്റർ അകത്തേത്ത് സഞ്ചരിച്ചാൽ നീലവസന്തത്തിന്‍റെ മായാജാലം കണ്‍മുന്നില്‍ വിടരുകയായി. ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ അതിർത്തിഗ്രാമമായ തൊണ്ടിമലയിലെ പുൽമേടുകളിലും മൊട്ടകുന്നുകളിലുമാണ് ഇത്തവണ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്.
നീലവസന്തം തീർത്ത് തൊണ്ടിമലയിലെ പുൽമേടുകൾ - നീലവസന്തം തീർത്ത് തൊണ്ടിമല
12 വർഷങ്ങൾ കൂടുമ്പോൾ മൊട്ടകുന്നുകൾക്ക് നീലിമ പകരുന്ന കുറിഞ്ഞികൾ കാഴ്‌ചക്കാരുടെ മനസിൽ സൗന്ദര്യത്തിരമാലകൾ തീർക്കുന്നവയാണ്
![നീലവസന്തം തീർത്ത് തൊണ്ടിമലയിലെ പുൽമേടുകൾ neelakkurinja blossom in thondimala തൊണ്ടിമലയിലെ പുൽമേടുകൾ നീലവസന്തം തീർത്ത് തൊണ്ടിമല നീലക്കുറിഞ്ഞി പൂക്കൾ മൂന്നാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8501511-thumbnail-3x2-neelakkurinji.jpg)
2018ൽ മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞി വസന്തത്തെ പ്രളയം കവർന്നെങ്കിലും പ്രത്യാശയുടെ വർണക്കുട ചൂടി പൂപ്പാറ തൊണ്ടിമലയിലെ സ്വകാര്യ ഭൂമിയിൽ ഏക്കറുക്കണക്കിന് പുൽമേടുകളിലാണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ തൊണ്ടിമലയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് ഈ കാഴ്‌ച. മൂന്ന് ഏക്കറോളം വ്യാപിച്ച് കിടക്കുന്ന മനോഹര ദൃശ്യം കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ നിന്നാൽ ആനയിറങ്കൽ ജലാശയത്തിന്‍റെ ഹൃദയംഗമമായ ദൃശ്യവും സഞ്ചാരികൾക്ക് കാണാം. ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുൻപ് നീലക്കുറിഞ്ഞികൾ വിടർന്നിരുന്നു.