ഇടുക്കി:കാല്‍നൂറ്റാണ്ടായി സ്വന്തമായൊരു വീടിനുവേണ്ടി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ വത്സമ്മ. തലചായ്ക്കാനൊരിടത്തിനായി മുട്ടാത്ത വാതിലുകള്‍ ഇല്ല. ലൈഫ് ഭവന പദ്ധതിയില്‍ അടക്കം നിരവധി തവണ അപേക്ഷ നല്‍കിയിട്ടും വീട് അനുവദിച്ച് നല്‍കാന്‍ പഞ്ചായത്ത് തയാറായിട്ടില്ല. വാടക കൊടുക്കാന്‍ നിവൃത്തി ഇല്ലാത്തതിനാല്‍ നിലവില്‍ ചെമ്മണ്ണാറില്‍ സഹോദരിയുടെ വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ഇവർ.
മൂന്ന് പതിറ്റാണ്ടുകളിലധികമായി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരിയായ വത്സമ്മയ്‌ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ല. ഗ്രാമ സഭകളില്‍ പതിവായി അപേക്ഷ നല്‍കും. എന്നാല്‍ ഇതുവരേയും ഗുണഭോക്തൃ ലിസ്റ്റില്‍ ഇവര്‍ ഇടം പിടിച്ചിട്ടില്ല. 27 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. കൂലിവേല ചെയ്താണ് കുട്ടികളെ വളര്‍ത്തിയത്.