തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന സിബിഐ സംഘം മുൻ എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. മുൻ എസ്.പി കെ.ബി.വേണുഗോപാൽ ,കട്ടപ്പന മുൻ ഡിവൈഎസ്പി പി.പി. ഷംസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അബ്‌ദുൽ സലാം എന്നിവരെയാണ് സി ബി ഐ അന്വേഷണ സംഘം ചോദ്യം ചെയ്തത്. തിരുവനന്തപുരം യൂണിറ്റ് ഓഫീസിൽ ഹാജരാകാൻ ആയിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം.
നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു - തിരുവനന്തപുരം
മുൻ എസ്.പി കെ.ബി.വേണുഗോപാൽ കട്ടപ്പന മുൻ ഡിവൈഎസ്പി പി.പി. ഷംസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അബ്‌ദുൽ സലാം എന്നിവരെയാണ് സി ബി ഐ അന്വേഷണ സംഘം ചോദ്യം ചെയ്തത്
ഇതനുസരിച്ച് രാവിലെ 10 മണിക്ക് എത്തിയ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ വൈകുന്നേരം വരെ നീണ്ടു. സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ രാജ്‌കുമാർ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടതാണ് കേസ്. അന്ന് ഇടുക്കി എസ് പി ആയിരുന്ന കെ പി വേണുഗോപാലിന്‍റെ അറിവോടെ ആയിരുന്നു സംഭവം എന്നാണ് സിബിഐ സംഘത്തിന്‍റെ നിഗമനം.
2019 ജൂൺ 12നാണ് രാജ് കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത് ജൂൺ 15നാണ്. കോടതി റിമാൻഡ് ചെയ്ത രാജ്‌കുമാർ 21ന് മരിക്കുകയും ചെയ്തു. ഇത്തരത്തിൽ അനധികൃതമായ കസ്റ്റഡിയിൽ വച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണെന് ആരോപണമുയർന്നിരുന്നു. കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘം ഉന്നത ഉദ്യോഗസ്ഥരെ പ്രതി ചേർത്തിരുന്നില്ല. നെടുങ്കണ്ടം എസ്ഐയായ കെ.എ സാബു, എ എസ് ഐ സി.ബി. റെജിമോൻ തുടങ്ങിയവർ കേസിൽ കസ്റ്റഡിയിലാണ്.