ഇടുക്കി : സേറയ്ക്കിനി ക്ലാസ് മുറിയിലേക്കെത്താന്‍ പ്രയാസപ്പെടേണ്ട, അവള്‍ക്കായി ക്സാസ് റൂം തന്നെ താഴേക്കിറങ്ങിവന്നിരിക്കുകയാണ്. സെറിബ്രൽ പാൾസി രോഗം ബാധിച്ച സേറയ്ക്കായി ക്ലാസ് മുറി ഒന്നാം നിലയില്‍ നിന്നും താഴേക്ക് മാറ്റിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. നെടുങ്കണ്ടം കല്ലാർ ഗവണ്‍മെന്‍റ് സ്കൂള്‍ അധികൃതരാണ് 12വയസുകാരിയെ, അവളുടെ പ്രയാസം തിരിച്ചറിഞ്ഞ് സ്നേഹക്കരുതലോടെ ചേര്‍ത്തുപിടിച്ചത്.
അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട് വീൽച്ചെയറിൽ ഒതുങ്ങിയതിനാല്‍ ഇതേവരെ സ്‌കൂളിലെത്തി പഠനം നടത്താന്‍ സേറയ്‌ക്കായിരുന്നില്ല. സ്‌കൂളിലെത്തി പഠിക്കണമെന്ന അവളുടെ തീക്ഷ്ണമായ ആഗ്രഹത്തിന് മാതാപിതാക്കള്‍ കൈയടിച്ചതോടെ അറിവിന്‍റെ ലോകത്തേക്ക് വീൽചെയറിന്‍റെ ചക്രമുരുട്ടാന്‍ സേറയെന്ന മിടുക്കിക്കായി.