ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകനും മാവടി സ്വദേശിയുമായ ജോബിൻസ് ആണ് (JOBIN) കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത് (SON IN LAW KILLED MAN IN IUKKI).
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. ഇന്നലെ (08.11.23) രാത്രി 11 മണിയോടെയാണ് സംഭവം. ടോമിക്ക് വെട്ടേറ്റ ഉടൻ നെടുങ്കണ്ടം (NEDUNAKANDAM) താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ടിന്‍റുവിനെയും ജോബിൻസ് വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ടിന്‍റു ഇടുക്കി(IDUKKI) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രാത്രി ടോമിയുടെ വീട്ടിലെത്തിയ പ്രതി, വീടിന് ചുറ്റും നടന്ന് ജനൽ ചില്ലുകൾ തകർത്തു ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. മുറ്റത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയും അടിച്ചു തകർത്തു.
അതിനുശേഷം കതക് തകർത്ത് വീടിന് അകത്തു കയറിയ പ്രതി ഇരുവരെയും വെട്ടുകയായിരുന്നു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനാല്‍ നാട്ടുകാർക്ക് അടുക്കാനായില്ല. വിവരം അറിഞ്ഞെത്തിയ പൊലീസിന്‍റെ മുമ്പിൽ ഒടുവിൽ പ്രതി കീഴടങ്ങുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ ടോമിയുടെ ഭാര്യയും പ്രതിയുടെ രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. ദാമ്പത്യ പ്രശ്നങ്ങളാണ് അക്രമത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.
ALSO READ;ബാറിലുണ്ടായ തര്‍ക്കം, വിമുക്ത സൈനികനെ അടിച്ചു കൊന്ന കേസ് ; 4 പേര്‍ കസ്റ്റഡിയില്‍