കേരളം

kerala

ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം; കേസിന്‍റെ നാൾവഴികളിലൂടെ - നെടുങ്കണ്ടം കസ്റ്റഡി മരണം വാർത്ത

ജസ്റ്റിസ് നാരയാണ കുറുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ പിരിച്ച് വിടാന്‍ ശുപാർശ വന്നിരിക്കുന്നത്. അതേസമയം കേസിലെ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.

nedumkandam custody death  nedumkandam custody death news  idukki nedumkandam custody death  നെടുങ്കണ്ടം കസ്റ്റഡി മരണം  നെടുങ്കണ്ടം കസ്റ്റഡി മരണം വാർത്ത  ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണം
നെടുങ്കണ്ടം കസ്റ്റഡി മരണം

By

Published : Jun 1, 2021, 8:35 PM IST

ഇടുക്കി: സംസ്ഥാന പൊലീസ് സേനയെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു നെടുങ്കണ്ടം കസ്റ്റഡി മരണം. രാജ്‌കുമാറിന്‍റെ മരണ ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കസ്റ്റഡി മരണത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പിരിച്ച് വിടാനുള്ള ശുപാർശ നൽകിയിരിക്കുന്നത്. തൂക്കുപാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സിന്‍റെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് വാഗമണ്‍ കോലാഹലമേട് സ്വദേശിയായ രാജ്‌കുമാറും ജീവനക്കാരായ മഞ്ചുവും ശാലിനിയും അറസ്റ്റിലാകുന്നത്. ലോണ്‍ നല്‍കാം എന്ന വ്യാജേന, ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ സംഘങ്ങള്‍ രൂപീകരിച്ച് സ്ഥാപനം കോടി കണക്കിന് രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. 300ലേറെ സംഘങ്ങളാണ് തട്ടിപ്പിന് ഇരയായത്.

സംഭവം ഇങ്ങനെ:

2019 ജൂണ്‍ 12ന് മൂവരേയും അറസ്റ്റ് ചെയ്‌തെങ്കിലും രാജ്‌കുമാറിന്‍റെ അറസ്റ്റ് രേഖപെടുത്തിയത് ജൂണ്‍ 15ന് മാത്രമാണ്. മൂന്ന് ദിവസം നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ വെച്ച് രാജ്‌കുമാറിനെ അതിക്രൂരമായി മര്‍ദിച്ചു എന്നാണ് കണ്ടെത്തൽ. 15ന് അര്‍ധരാത്രിയില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പ്രതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രാത്രിയില്‍ മജിസ്‌ട്രേറ്റിന്‍റെ മുന്‍പില്‍ ഹാജരാക്കുകയും 16ന് പുലര്‍ച്ചെ പീരുമേട് സബ് ജയിലേയ്ക്ക് മാറ്റുകയും ചെയ്‌തു. പിന്നീട്, കോട്ടയം മെഡിക്കല്‍ കോളജിലും പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സയ്ക്കായി എത്തിച്ചു. ജൂണ്‍ 21ന് രാജ്‌കുമാര്‍ മരണപെട്ടു.

നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനില്‍ വെച്ച് പ്രാകൃതമായ മര്‍ദന മുറകളാണ് രാജ്‌കുമാറിന് നേരെ ഉദ്യോഗസ്ഥര്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍. തുടക്കത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ്, പിന്നീട് സിബിഐയ്ക്ക് കൈമാറി. സമാന്തരമായി ജസ്റ്റിസ് കെ. നാരായണകുറുപ്പ് കമ്മിഷന്‍റെ നേതൃത്വത്തില്‍ ജുഡിഷ്യല്‍ അന്വേഷണവും നടന്നു. രാജ്‌കുമാറിന്‍റെ മൃതദേഹം റീ-പോസ്റ്റുമോര്‍ട്ടം നടത്തിയാണ് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചത്. രണ്ടാമത് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൂടുതല്‍ ആന്തരിക മുറിവുകള്‍ ഇയാള്‍ക്ക് ഏറ്റിരുന്നതായും ഇതാണ് മരണ കാരണമെന്നും കണ്ടെത്തി. അതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായതോടെ രേഖകളില്‍ തിരിമറി നടത്താനും ശ്രമം നടന്നു. 12 ന് അറസ്റ്റിലായ രാജ്‌കുമാറിനെ 13ന് ജാമ്യത്തില്‍ വിട്ടയച്ചെന്നും പിന്നീട് പിടികൂടുകയായിരുന്നുവെന്നും രേഖകള്‍ ഉണ്ടാക്കാന്‍ ശ്രമം നടന്നു.

നടപടികൾ ഇങ്ങനെ:

കസ്റ്റഡി മരണ സമയത്ത് നെടുങ്കണ്ടം സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. എസ്‌ഐ കെ.എ. സാബു, എഎസ്‌ഐ റോയി, ഹെഡ് കോണ്‍സ്റ്റബിള്‍, സജീവ് ആന്‍റണി, ഡ്രൈവര്‍ നിയാസ്, കോണ്‍സ്റ്റബിള്‍ ജിതിന്‍, ബിജു ലൂക്കോസ്, ഹോംഗാര്‍ഡ് ജെയിംസ്, റജിമോന്‍, വനിത പൊലിസ് ഉദ്യോഗസ്ഥ ഗീതു, എന്നീ ഒന്‍പത് പേരാണ് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്. രാജ്‌കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപെട്ട് എഴുപതോളം സാക്ഷികളെ നാരായണ കുറുപ്പ് കമ്മിഷന്‍ വിസ്ഥരിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐയുടെ മുറിയിലും ഒന്നാം നിലയിലെ വിശ്രമ മുറിയിലും പീരുമേട് ജയിലിലും കമ്മിഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ജസ്റ്റിസ് നാരയാണ കുറുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ പിരിച്ച് വിടാന്‍ ശുപാർശ വന്നിരിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്.

Also Read:നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ ശുപാര്‍ശ

ABOUT THE AUTHOR

...view details