ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകിക്കുന്നെന്ന് ആരോപണം. എഎസ്‌ഐ റെജിമോന്‍, ഡ്രൈവര്‍ നവാസ് എന്നിവരുടെ അറസ്റ്റ് വൈകിക്കുന്നുവെന്നാണ് ആരോപണം. ഒമ്പത് പൊലീസുകാരാണ് രാജ്‌കുമാറിനെ മര്‍ദിച്ചതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും രാജ്‌കുമാറിന്‍റെ കൂട്ടുപ്രതി ശാലിനി പറഞ്ഞു. നിലവില്‍ നാല് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇത് ഏഴ് പേരായി ഉയർത്തുവാൻ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. നിലവിലെ പ്രതിപ്പട്ടികയിലുള്ള രണ്ട് പേരുടെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് മരിച്ച രാജ്‌കുമാറിന്‍റെ ബന്ധുക്കള്‍ പരാതി ഉയര്‍ത്തുന്നത്.
കസ്റ്റഡി മരണം: പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് വൈകിക്കുന്നെന്ന് ആരോപണം - നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്
എഎസ്‌ഐ റെജിമോന്‍, ഡ്രൈവര്‍ നവാസ് എന്നിവരുടെ അറസ്റ്റ് വൈകിക്കുന്നുവെന്നാണ് ആരോപണം.
തെളിവ് നശിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഒളിച്ചു കളിക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ എസ്ഐ കെ എ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവര്‍ റിമാന്‍ഡിലാണ്. സജീവിനെ മാപ്പ് സാക്ഷി ആക്കുമെന്നും സൂചനയുമുണ്ട്. ചിട്ടിതട്ടിപ്പ് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത മറ്റ് മൂന്ന് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്‌കുമാറുമായി ബന്ധമുണ്ടായിരുന്ന അഡ്വ. നാസര്‍, രാജു എന്നിവരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെയും സാധിച്ചിട്ടില്ല. നെടുങ്കണ്ടം സ്റ്റേഷനിലെ മറ്റ് പൊലീസുകാരില്‍ നിന്ന് കഴിഞ്ഞ ദിവസവും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇടുക്കി എസ്‌പി ആയിരുന്ന കെ ബി വേണുഗോപാലിനെയും വരും ദിവസങ്ങളിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ഇടയുണ്ട്.